കൊച്ചി: സംസ്ഥാനത്തെ ഏഴ് കൊലപാതക കേസുകള്‍ സി.ബി.ഐക്ക് കൈമാറണമെന്ന കേസില്‍ ഹര്‍ജിക്കാരന് താല്‍പര്യം കുറഞ്ഞോയെന്ന് ഹൈക്കോടതി. കേസ് വാദം മാറ്റണമെന്ന ഹര്‍ജി ഭാഗത്തിന്റെ ആവശ്യത്തെതുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരു വിഭാഗവുമായി ധാരണയായതിനു ശേഷം കേസ് മുന്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ അടിയന്തിരമായി പരിഗണിക്കുന്നതിനുവേണ്ടി ഉപഹര്‍ജി നല്‍കിയതെന്തിനെന്ന് കോടതി ചോദിച്ചു. ‘ഇഷ്ടബഞ്ചി’നു വേണ്ടിയുള്ള ഓട്ടം അവസാനിപ്പിച്ചോയെന്നും കോടതി പരിഹസിച്ചു.

കേസില്‍ ഉപഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ രജിസ്ട്രി നടത്തിയ നടപടിക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകര്‍ രജിസ്ട്രാര്‍ മുമ്പാകെ പരാതി ഉന്നയിച്ചിരുന്നു. തലശ്ശേരിയിലെ തലശ്ശേരി അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റിന്റെ ഹര്‍ജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കും ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.