X

പിറവം പള്ളിക്കുള്ളിലുള്ള യാക്കോബായക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി; പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ

പിറവം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പിറവം പള്ളി കൈമാറുന്നതില്‍ പ്രതിഷേധവുമായി പള്ളിക്കുള്ളില്‍ തമ്പടിച്ച യാക്കോബായ വിഭാഗക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തു നീക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. പള്ളിക്കുള്ളില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമങ്ങള്‍ യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത നിലപാടുമായി ഹൈക്കോടതി രംഗത്തെത്തിയത്. പള്ളിക്കുള്ളിലുള്ള മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നടപടി പൂര്‍ത്തിയാക്കി ഉച്ചക്ക് 1.45ന് വിവരം അറിയിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം.

യാക്കോബായ വൈദികര്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് പിറവം സെന്റ് മേരീസ് പള്ളി പരിസരത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രേഷ്ട ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികള്‍ പള്ളിയക്കുള്ളില്‍ പ്രതിഷേധവുമായി തുടരുകയായിരുന്നു. പള്ളിക്കുള്ളില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കു പുറത്ത് പന്തല്‍ കെട്ടി നടത്തുന്ന പ്രതിഷേധം തുടരുകയാണ്.

സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്ന എല്ലാവരേയും അറസ്റ്റ്ുചെയ്തു നീക്കാനാണ് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

chandrika: