X

ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണോ? – കോടതി

ചെന്നൈ: ജയലളിതയുടെ മരണത്തിലെ ദുരൂഹതകളില്‍ ഗൗരവമുള്ള സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയും. ജയയുടെ മരണം സംബന്ധിച്ച് ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ ഇപ്പോള്‍ കോടതിക്കുമുണ്ടെന്ന് ജസ്റ്റിസ് എസ് വൈദ്യനാഥന്‍, ജസ്റ്റിസ് പാര്‍ത്ഥിബന്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. ജയലളിതയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കാന്‍ ഉത്തരവിടാതിരിക്കുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനും തമിഴ്‌നാടിന് സര്‍ക്കാറിനുമയച്ച നോട്ടീസില്‍ ഹൈക്കോടതി ചോദിച്ചു.

‘മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും രേഖകളില്‍ ഒപ്പുവെക്കുന്നുവെന്നും യോഗം വിളിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ നാം പത്രങ്ങളില്‍ വായിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ മരിച്ചു. ഒരു റവന്യൂ ഡിവിഷന്‍ ഓഫീസറും (ആര്‍.ഡി.ഒ) അവരുടെ മൃതദേഹം കണ്ടില്ല. ഒരു മെഡിക്കല്‍ റെക്കോര്‍ഡുകളും ഇല്ല. മരണത്തിനു ശേഷമെങ്കിലും തെളുവുകള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്’ – കോടതി ചോദിച്ചു.

അണ്ണാ ഡി.എം.കെ പ്രവര്‍ത്തകനായ പി.എ ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജയലളിതക്ക് അവസാന സമയത്ത് ലഭിച്ച ചികിത്സയെപ്പറ്റി അന്വേഷിക്കാന്‍ മൂന്ന് റിട്ട. ജഡ്ജിമാരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സംശയം ദൂരികരിക്കാന്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടി വരുമോ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായം തേടിയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.

1980-ല്‍ എം.ജി.ആറിന്റെ മരണ സമയത്തും സമാന ദുരൂഹത ഉണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെന്നൈയിലും അമേരിക്കയിലും ചികിത്സ തേടിയതിനു ശേഷമാണ് എം.ജി.ആര്‍ മരിച്ചത്. ചികിത്സക്കിടെ അദ്ദേഹത്തിന്റെ ഒരു വീഡിയോ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. മരണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ദുരൂഹതയുയര്‍ന്നു.

ഹൈക്കോടതി ഫസ്റ്റ് ബെഞ്ചും സുപ്രീം കോടതിയും സമാനമായ പരാതികളില്‍ വാദം കേള്‍ക്കുന്നതിനാല്‍ കേസ് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ജനറല്‍ ആര്‍. മുത്തു കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. സുപ്രീം കോടതി വെള്ളിയാഴ്ചയും ഹൈക്കോടതി ഫസ്റ്റ് ബെഞ്ച് ജനുവരി നാലിനുമാണ് വാദം കേള്‍ക്കുന്നത്. ജോസഫിന്റെ പരാതിയില്‍ ജനുവരി ഒമ്പതിന് തുടര്‍ന്ന് വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

chandrika: