സ്വന്തംലേഖകന്‍

ന്യൂഡല്‍ഹി: ലോകവനിതാ ദിനത്തില്‍ കേരളത്തില്‍ നിന്നു പങ്കെടുത്ത വനിതാ ജനപ്രതിനിധികള്‍ക്കുനേരെയുണ്ടായ അപമാനം രാജ്യത്തിനാകമാനം അപമാനമാണന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇടി. മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വനിതാദിന പരിപാടിയില്‍ തന്നെ ഇത്തരത്തിലുള്ള സംഭവമുണ്ടായി എന്നത്‌ കേന്ദ്രസര്‍ക്കാര്‍ സ്ത്രീസുരക്ഷയേയും അവരുടെ അവകാശങ്ങളെയും എങ്ങനയാണു സമീപിക്കുന്നത് എന്നതിന്റെ തെളിവാണെന്ന് പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. മറിച്ചുള്ള നീക്കങ്ങള്‍ തടയേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കുന്ന ക്ഷണിക്കപ്പെട്ട വനിതാജനപ്രതിനിധികളെ ഹിജാബ് അഴിക്കാതെ സദസ്സില്‍ പ്രവേശിപ്പിക്കില്ലന്നു ശഠിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവണം.

കേരളത്തില്‍ നിന്നുള്ള മറ്റ് ജനപ്രതിനിധികള്‍ കൂടി പ്രതിഷേധിച്ചതോടെയാണ് 45 മിനിറ്റിനു ശേഷം രണ്ട് വനിതാ പ്രതിനിധികള്‍ക്ക് സദസ്സില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിച്ചത്. പിന്‍നിരയില്‍ ഇരിക്കാന്‍ മാത്രമാണ് അവരെ അധികൃതര്‍ അനുവദിച്ചത്. തികച്ചും പ്രതിഷേധാര്‍ഹമായ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുത്. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലുണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് മോദി രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

പ്രസംഗത്തിനിടെ ഇടപെട്ട പാര്‍ലിമന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഇടി. സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു പറഞ്ഞത് പ്രതിഷേധത്തിനിടയാക്കി. താന്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയല്ലെന്നും സര്‍ക്കാരാണ് കള്ളങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നത് എന്നും ഇ.ടി തിരിച്ചടിച്ചു. മാധ്യമങ്ങളിലല്ലാം വാര്‍ത്തയായ പ്രധാന വിഷയമാണ് താന്‍ സഭയിലുയര്‍ത്തിയതെന്നും ഇടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.