X
    Categories: MoreViews

ഹിമാചലില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബി.ജെ.പി

അഹമ്മദാബാദ/ ഷിംല: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി 26ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രൂപാണിയെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വം തെരഞ്ഞെടുത്തിരുന്നു. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ച് പിടിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഹിമാചല്‍ പ്രദേശിലെ ബിജെപിയില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു.

പ്രേംകുമാര്‍ ധുമലിന്റെയും എംഎല്‍എ ജയ്‌റാം താക്കൂറിന്റെയും അനുയായികള്‍ ഇരു ചേരിയായി തിരിഞ്ഞതാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. തെരഞ്ഞെടുപ്പില്‍ പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കാണമെന്നാണ് അനുയായികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും എം.എല്‍.എ ജയ്‌റാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ഇതോടെയാണ് ഹിമാചലിലെ ബിജെപി പ്രവര്‍ത്തകര്‍ ഭിന്നിച്ചത്. സ്വന്തം നേതാക്കള്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേന്ദ്രനിരീക്ഷകരായെത്തിയ നിര്‍മലാ സീതാരാമനെയും നരേന്ദര്‍ തോമറിനേയും വഴി തടഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭിന്നത അറിയിച്ചത്. കേന്ദ്ര നേതാക്കളുടെ വാഹനങ്ങള്‍ക്ക് ചുറ്റും കൂടി പ്രവര്‍ത്തകര്‍ പ്രേംകുമാര്‍ ധുമലിലും ജയ്‌റാം ടാക്കൂറിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി കേന്ദ്ര നിരീക്ഷകര്‍ ഡല്‍ഹിയിലേക്കു മടങ്ങി. എം.എല്‍.എമാരെ ഒറ്റൊക്കൊറ്റക്ക് കാണാന്‍ കേന്ദ്ര നിരീക്ഷകര്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ഇത് ഭിന്നത കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ഭീതിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

chandrika: