X

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തര്‍ക്കം; ബി.ജെ.പി തര്‍ക്കം തെരുവില്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്തിയെ തീരുമാനിക്കാന്‍ കഴിയാതെ ബി.ജെ.പി കേന്ദ്രനേതൃത്വം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധുമലിന്റെ തോല്‍വിയോടെ ബി.ജെ.പിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാവുകയായിരുന്നു.

കേന്ദ്രമന്ത്രി ജെപി നഡ്ഡ, ജയറാം താക്കുര്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം. പ്രേം കുമാര്‍ ധുമലിന്റെ മകന്‍ അനുരാഗ് താക്കൂറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടെന്നാണ് വിവരം. പ്രേംകുമാര്‍ ധുമലിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോര്‍കമ്മിറ്റി മീറ്റിംഗ് നടക്കുന്ന ഹാളിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അതേസമയം, ഗാന്ധിനഗറില്‍ ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. രാഹുല്‍ഗാന്ധിയുടേയും യുവനേതാക്കളായ അല്‍പേഷ് താക്കൂര്‍, ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരുടേയും കൂട്ടുകെട്ടില്‍ ഗുജറാത്തില്‍ ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. 99 സീറ്റുമായാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. അതേസമയം, സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വീഴ്ച്ചയായി ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കൂടി പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ വിജയ് രൂപാനി കാവല്‍ മുഖ്യമന്ത്രിയായി തുടരും. അതേസമയം, നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

chandrika: