X

ഹിമാചല്‍ ഫലം പ്രതീക്ഷ നല്‍കുന്നത്; തരൂരിനെ പ്രയോജനപ്പെടുത്തും: എം.എം ഹസന്‍

അഭിമുഖം/കെ.പി ജലീല്‍

തിരുവനന്തപുരം: രാജ്യം വര്‍ഗീയതയുടെയും ജനാധിപത്യ ധ്വംസനത്തിന്റെയും പിടിയിലമരുമ്പോള്‍ ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍. ഇന്നലെ ഗുജറാത്തിലെയും ഹിമാചലിലെയും ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയും നേടിയ വിജയമാണ് ഗുജറാത്തില്‍ കണ്ടത്. 27 വര്‍ഷമായി അധികാരത്തിലുള്ള സംസ്ഥാനത്ത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്താനായി. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ 5 വര്‍ഷത്തെ ഭരണം കൊണ്ട് അതിനവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല ഹിമാചലില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രചാരണവും ജനങ്ങളില്‍ മതേതരത്വ ബോധം വളര്‍ത്തുന്നതില്‍ സഹായിച്ചെന്ന് ഹസന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ചന്ദ്രിക ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍.

 

  •  വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹിമാചല്‍ ആവര്‍ത്തിക്കാന്‍ കഴിയുമോ ?

തീര്‍ച്ചയായും. പ്രിയങ്ക ഗാന്ധിയുടെ കൂടുതല്‍ സജീവമായ ഇടപെടലുണ്ടാകും. രാഹുല്‍ ഗാന്ധി ജോഡോ യാത്ര കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും.

  • 2024 ലേക്ക് ഒരുക്കമായോ ? 

അതിനാണ് റായ്പൂരില്‍ എ.ഐ.സി .സി സമ്മേളനം വിളിച്ചിട്ടുള്ളത്. അവിടെ വെച്ച് സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കും. മതേതരത്വം മുറുകെപ്പിടിച്ച് കൊണ്ട് മാത്രമേ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകൂ.

  • ബി.ജെ.പി യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടും ? 

മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്‌കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.

  • ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണി എങ്ങനെ കാണുന്നു ? 

അവര്‍ ആദര്‍ശമെല്ലാം ബി.ജെ.പിക്ക് കീഴില്‍ അടിയറവ് വെച്ച് അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. ഹിന്ദുത്വം പറയുമ്പോള്‍ അത് നന്നായി പറയുന്ന ബി.ജെ.പി യെയാണ് ആളുകള്‍ സ്വീകരിക്കുക. ആപ്പിനെ യല്ല. അതാണ് ഗുജറാത്തില്‍ കണ്ടത്.

  • ? നേതാക്കളുടെ കുറവ് അലട്ടുന്നില്ലേ ? 

നേതാക്കളും അണികളും പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയി. യു.പിയിലുള്‍പ്പെടെ അവരെ തിരികെ കൊണ്ടുവരാന്‍ കഴിയണം. രാഹുലും പ്രിയങ്കയും ഖാര്‍ഗെയും മറ്റു നേതാക്കളും അതിനാണ് രംഗത്തിറങ്ങുക.

  • രാഹുല്‍ഗാന്ധിയെക്കുറിച്ച് ? 

അദ്ദേഹം നിഷ്‌കളങ്കനും സത്യസന്ധനുമാണ്. അധികാര മോഹം ഒട്ടുമില്ല. ഡോ. മന്‍മോഹന്‍ സിംഗ് രാഹുലിനെ ഗ്രാമവികസന മന്ത്രിയാക്കാര്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹമത് സ്വീകരിച്ചില്ല. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കും അദ്ദേഹം വന്നില്ല. പ്രധാനമന്ത്രിയാകാനും മോഹമില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും രാജ്യം രക്ഷപ്പെടണമെന്നും മാത്രമാണ് രാഹുലിന്റെ ഏക ലക്ഷ്യം.

  • ശശി തരൂര്‍ നടത്തുന്ന പരിപാടി കളെക്കുറിച്ച് ? 

അത് അദ്ദേഹത്തിന്റെ അവകാശമാണ്. വളരെ കഴിവുകളുള്ള അന്താരാഷ്ട്ര വ്യക്തിത്വമാണ് തരൂര്‍ജി. മുസ് ലിം ലീഗ് നേതാക്കളെയും ബിഷപ്പുമാരെയും കണ്ടതില്‍ തെറ്റ് പറയാനാവില്ല. അദ്ദേഹത്തിന്റെ ശേഷി പ്രയോജനപ്പെടുത്തണമെന്നാണ് പാര്‍ട്ടി നിലപാട്. അതേ സമയം പാര്‍ട്ടി സംവിധാനത്തിനുള്ളില്‍ നിന്ന് വേണം ആരായാലും പ്രവര്‍ത്തിക്കാന്‍. ഹസന്‍ അഭിപ്രായപ്പെട്ടു .

web desk 3: