X

ഹെല്‍ത്തി കേരള ക്യാമ്പയിന്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തും

തിരുവനന്തപുരം: ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സഹകരണത്തോടെ മേയ് 25നാണ് പരിശോധന. മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ആരോഗ്യവകുപ്പ് ഡയര്‍ക്ടര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവര്‍ കണ്‍വീനറായിട്ടുള്ള വാര്‍ഡ്തല ശുചിത്വ പോഷണ സമിതി പുനസംഘടിപ്പിച്ച് പകര്‍ച്ച വ്യാധി നിയന്ത്രണ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കാനും തീരുമാനിച്ചു. മേയ് 16ന് ദേശീയ ഡെങ്കി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല ഉറവിട നശീകരണക്യാമ്പയിനും വിവിധ വകുപ്പുകളെയും ജനപ്രതിനധികളെയും ഉള്‍പ്പെടുത്തി ഇന്റര്‍ സെക്ടര്‍ മീറ്റിംഗും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കും.
മേയ് 17 തോട്ടങ്ങളിലേക്ക് നീങ്ങാം എന്ന ക്യാമ്പയില്‍ വഴി സംസ്ഥാനത്തെ വിവിധ എസ്റ്റേറ്റുകളിലും തോട്ടങ്ങളിലും തൊഴിലാളികളുടെ നേതൃത്വത്തില്‍ ഉറവിട നശീകരണവും ശുചീകരണവും നടക്കും. മെയ് 18ന് ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ച് കൊതുക് ഉറവിട നശീകരണവും കൊതുക് ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിന് അവലംബിക്കേണ്ട വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളെയും കൊതുകിന്റെ ഉറവിട നശീകരണത്തെയും കുറിച്ച് ബോധവര്‍ക്കരണവും നടത്തും.
മേയ് 20,21 കൊതുക് ജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് സ്ഥലങ്ങിലും രോഗ പകര്‍ച്ചാ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലും കൊതുക് ഉറവിട നശീകരണം, കൂത്താടി നശീകരണം, മത്സ്യങ്ങളെ നിക്ഷേപിക്കല്‍, ഫോഗിംഗ് തുടങ്ങിയ സംയോജിത കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശപ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്ത് ചേര്‍ന്ന് കുറഞ്ഞത് 50 വീടുകളില്‍ കൊതുക് നിരീക്ഷണം നടത്തി ഉറവിട നശീകരണം നടത്തുകയും ചെയ്യും.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് സ്‌കൂള്‍ പരിസരം കൊതുക് വിമുക്തമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ത്ത് ശുചീകരണ യജ്ഞം നടത്തും. പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളില്‍ കൊതുക് ഉറവിട നശീകരണം, ജലസ്രോതസ്സുകളിലുള്ള ക്ലോറിനേഷന്‍, കൊതുക് നശീകരണ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, ഫീല്‍ഡ്തല സൂപ്പര്‍ വൈസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

web desk 1: