Connect with us

kerala

കാറിനുമേല്‍ പാറ പതിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

വീഴ്ചയില്‍ പൂര്‍ണമായി തകര്‍ന്ന കാറിനുള്ളില്‍ അകപ്പെട്ട ആന്റണിയെ വഴിയരികില്‍ കച്ചവടം നടത്തുന്നയാളും വഴിയാത്രക്കാരും ചേര്‍ന്നാണ് കാര്‍ പൊളിച്ച് പുറത്തെടുത്തത്

Published

on

മൂന്നാറില്‍ മലമുകളില്‍ നിന്നു കൂറ്റന്‍ പാറ അടര്‍ന്നു വീണ് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ തകര്‍ന്നു. മൂന്നാര്‍ പെരിയവരക്ക് സമീപമാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്. അന്തര്‍ സംസ്ഥാനപാതയിലൂടെ വാഹനം ഓടിച്ചു വന്ന സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് (38)അപകടത്തില്‍ പരിക്കേറ്റത് ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിന്നക്കനാലില്‍ നിന്നുള്ള വിനോദസഞ്ചാരികളെ രാജമല സന്ദര്‍ശനത്തിനായി ഇറക്കിയ ശേഷം ഭക്ഷണം കഴിക്കാനായി മൂന്നാറിലേക്കു കാറോടിച്ച് വരികയായിരുന്നു ആന്റണി രാജ്. മുതുവാന്‍പാറ മലയുടെ മുകളില്‍ നിന്നാണ് പാറ താഴേക്കു വീണത്. വീഴ്ചയില്‍ പൂര്‍ണമായി തകര്‍ന്ന കാറിനുള്ളില്‍ അകപ്പെട്ട ആന്റണിയെ വഴിയരികില്‍ കച്ചവടം നടത്തുന്നയാളും വഴിയാത്രക്കാരും ചേര്‍ന്നാണ് കാര്‍ പൊളിച്ച് പുറത്തെടുത്തത്.

 

kerala

സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി.

Published

on

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനമേര്‍പ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം.

ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബര്‍ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വര്‍ഷവും തുടരാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കണം. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണം.

കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐ.ഡി. കാര്‍ഡ്/ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളര്‍ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തിരമായി കളര്‍ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചു.

മറൈന്‍ എന്‍ഫോഴ്‌സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാല്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാന്‍ അതത് ജില്ലാ പൊലീസ് മേധാവികള്‍ നടപടി സ്വീകരിക്കണം.

ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിയ്ക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വളളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ ഫിഷറീസ് വകുഷ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സജ്ജമായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

 

Continue Reading

kerala

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

അറസ്റ്റ് ചെയ്യേണ്ട ക്രിമിനല്‍ കേസുകള്‍ നിലവിലില്ലെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയെ പൊലീസ് അറിയിച്ചു.

Published

on

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തില്‍ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയില്‍. അറസ്റ്റ് ചെയ്യേണ്ട ക്രിമിനല്‍ കേസുകള്‍ നിലവിലില്ലെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയെ പൊലീസ് അറിയിച്ചു. യദു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കാണ് പൊലീസ് മറുപടി നല്‍കിയത്. തനിക്കെതിരെ മലയിന്‍കീഴ് പൊലീസ് കള്ളക്കേസുകളെടുക്കുന്നു എന്നായിരുന്നു യദുവിന്റെ ആരോപണം. ആരോപണത്തില്‍ പറയുന്ന കേസുകള്‍ നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മേയര്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. ഡ്രൈവര്‍ യദു ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലെടുത്ത കേസിലായിരുന്നു രഹസ്യമൊഴി നല്‍കിയത്. കഴിഞ്ഞ മാസം 27നാണ് മേയര്‍-ഡ്രൈവര്‍ തര്‍ക്കം ആരംഭിക്കുന്നത്.

സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുമ്പോഴും തെളിവുകള്‍ ഇല്ലാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കേസിലെ നിര്‍ണായക തെളിവായ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല. ഇത് അന്വേഷണത്തിന് വെല്ലുവിളിയാണ്.

 

Continue Reading

kerala

നഴ്‌സിങ് പ്രവേശന പ്രതിസന്ധി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജി.എസ്.ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം.

Published

on

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളേജുകളിലെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജി.എസ്.ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്സിങ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി.

ജി.എസ്.ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും അസോസിയേഷനുകള്‍ പിന്മാറിയത്. 119 സ്വകാര്യ കോളജുകളില്‍ 82 കോളേജുകള്‍ രണ്ട് മാനേജ്മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലായതിനാല്‍ കഴിഞ്ഞ വര്‍ഷം വരെ രണ്ട് അപേക്ഷാ ഫോമുകള്‍ക്ക് 2000 രൂപ ഫീസ് നല്‍കിയിരുന്ന സ്ഥാനത്ത് ഓരോ വിദ്യാര്‍ത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നല്‍കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍:

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് അങ്ങയുടെ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.

മാനേജ്‌മെന്റ് സീറ്റുകളിലെ മെറിറ്റ് ഇല്ലാതാകുകയും ഓരോ കോളജിലേക്കും പ്രത്യേകമായി അപേക്ഷിക്കുകയും ചെയ്യേണ്ട സ്ഥിതി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്.

2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജി.എസ്.ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്സിംഗ് പ്രവേശനം പ്രതിസന്ധിയിലായതിന്റെ പ്രധാന കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജി.എസ്.ടി പിരിക്കേണ്ടതില്ലെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. ജി.എസ്.ടി ആവശ്യപ്പെട്ടതാണ് ഏകജാലക പ്രവേശനത്തില്‍ നിന്നും പിന്‍മാറാന്‍ അസോസിയേഷനുകളെ പ്രേരിപ്പിച്ചത്.

സംസ്ഥാനത്തെ 9355 നഴ്സിംഗ് സീറ്റുകളില്‍ 7105 എണ്ണവും സ്വകാര്യ കോളജുകളിലാണ്. 119 സ്വകാര്യ കോളജുകളില്‍ 82 കോളജുകള്‍ രണ്ട് മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്കു കീഴിലായതിനാല്‍ കഴിഞ്ഞ വര്‍ഷം വരെ ഒരു കുട്ടി രണ്ട് അപേക്ഷകള്‍ക്കായി 2000 രൂപ നല്‍കിയാല്‍ 82 കോളജുകളില്‍ എവിടെയെങ്കിലും പ്രവേശനത്തിന് പരിഗണിക്കുകമായിരുന്നു. എന്നാല്‍ ഇത്തവണ ആ സൗകര്യം ഇല്ലാതായി. നിലവില്‍ ഓരോ വിദ്യാര്‍ത്ഥിയും ഓരോ കോളജിനും 1000 രൂപ വീതം അപേക്ഷാ ഫീസ് നല്‍കേണ്ടി വരും. അതായത് 82 കോളജുകളിലേക്ക് അപേക്ഷിക്കണമെങ്കില്‍ 82000 രൂപ നല്‍കേണ്ട സ്ഥിതിയാണുണ്ടാകുന്നത്.

ഈ രണ്ട് അസോസിയേഷനുകളിലും അംഗമല്ലാത്ത 37 കോളജുകളില്‍ 7 ലക്ഷം രൂപയ്ക്കു മുകളില്‍ തലവരി നല്‍കണമെന്ന് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മെറിറ്റ് അട്ടിമറിക്കുന്നതിനൊപ്പം 82 കോളജുകളില്‍ കൂടി തലവരി മടങ്ങിയെത്താനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. പ്രവേശനപരീക്ഷ വേണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും മാനേജ്‌മെന്റ് അസോസിയേഷനുകളും ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും എന്തുകൊണ്ടാണ്? അസോസിയേഷനില്‍ അംഗമല്ലാത്ത കോളജുകളെ കൂടി ഉള്‍പ്പെടുത്തി ഏകാജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ സുതാര്യമാക്കാനും അടിയന്തര ഇടപെടലുണ്ടാകണം.

ഇതിനൊപ്പം സ്വകാര്യ നഴ്സിംഗ് കോളജുകള്‍ക്ക് കേരള നഴ്സിംഗ് കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ചും സര്‍ക്കാരിന് മെല്ലപ്പോക്കാണ്. കൗണ്‍സില്‍ അംഗങ്ങള്‍ പരിശോധനയ്ക്ക് പോകേണ്ടതില്ലെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശവും നിയമവിരുദ്ധമാണ്. ഇത് പുനപരിശോധിക്കണം. അഫിലിയേഷന്‍ നടപടികള്‍ വൈകിപ്പിക്കുന്നതിന് പിന്നില്‍ ദുരൂഹമായ ഇടപെടലുകള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടണം.

ഈ വര്‍ഷത്തെ നഴ്സിംഗ് പ്രവേശനം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കണമെന്നും സെപ്റ്റംബര്‍ 30ന് അവസാനിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാല്‍ ആയിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്ന മേല്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Continue Reading

Trending