കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി. മലപ്പുറത്തെ ക്ഷേത്രങ്ങളില്‍നിന്നുള്ള പ്രഭാതഗീതം നിര്‍ത്തലാക്കണമെന്ന തരത്തില്‍ ഹൈദരലി തങ്ങള്‍ പറഞ്ഞതായി വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജിയാണ് പരാതി നല്‍കിയത്.

രാജ്യത്തിന്റെ മതേതരത്വത്തിനും മത സൗഹാര്‍ദ്ദത്തിനും ഏറെ സംഭാവനകള്‍ അര്‍പ്പിച്ച പാണക്കാട് കുടുംബത്തെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനും സാമുദായിക മൈത്രി തകര്‍ക്കാനും വേണ്ടി മനഃപൂര്‍വ്വം കെട്ടിച്ചമച്ച ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്നും ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും മായിന്‍ ഹാജി പറഞ്ഞു.

മുസ്ലിംലീഗും ഹൈദരലി ശിഹാബ് തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളെ ജനമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.