kerala

‘പതിനാലാം വയസില്‍ ഞാനൊരാളെ കൊന്നു’; 39 വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റം ഏറ്റുപറഞ്ഞ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍

By webdesk17

July 04, 2025

മലപ്പുറം: പതിനാലാം വയസില്‍ താനൊരാളെ കൊന്നിട്ടുണ്ടെന്ന് കുറ്റം ഏറ്റുപറഞ്ഞ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍. 39 വര്‍ഷങ്ങള്‍ക്ക് മുന്നുള്ള കൊലപാതക വിവരമാണ് മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തി മുഹമ്മദലി (54) എന്നയാള്‍ കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് അയാള്‍ക്ക് അറിയാത്തതും പൊലീസിന് പണി കൂടിയിരിക്കുകയാണ്.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്‍, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില്‍ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി അയാള്‍ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നല്‍കി.

അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു. അതേസമയം അക്കാലത്തെ പത്രവാര്‍ത്തകള്‍ തേടി കൊല്ലപ്പെട്ടത് ആരാണെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.