പൊതുസംസാരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പലതും വെളിപ്പെടുത്തുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ ശിവസേനാ നേതാവുമായ നാരായണ്‍ റാണെ രംഗത്ത്. ഉദ്ധവ് താക്കറെയും കുടുംബവും ബാല്‍ താക്കറെയെ മാനസികമായി പീഡിപ്പിക്കുന്നത് താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നും വായ പൂട്ടിയില്ലെങ്കില്‍ എല്ലാം തുറന്നുപറയുമെന്നുമാണ് നാരായണ്‍ റാണെ പറയുന്നത്.

ബാല്‍ താക്കറെയെ താന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് മറുപടി പറയുമ്പോഴാണ് നാരായണ്‍ റാണെ മറുവെടി പൊട്ടിച്ചത്. ഉദ്ധവും കുടുംബവും എങ്ങനെയാണ് ബാലാസാഹിബിനെ (ബാല്‍ താക്കറെ) പീഡിപ്പിച്ചിരുന്നതെന്ന് കണ്ണുകൊണ്ട് കണ്ടിട്ടുള്ളയാളാണ് ഞാന്‍. എനിക്കെതിരായ ഗൂഢാലോചനയും വിടുവായത്തവും അവസാനിപ്പിച്ചില്ലെങ്കില്‍ എല്ലാം വെളിപ്പെടുത്തും നാരായണ്‍ റാണെ പറഞ്ഞു.

ബാലാസാഹബ് ജീവനോടെയിരുന്നപ്പോള്‍ ഒരുതരത്തിലും അദ്ദേഹത്തെ ഞാന്‍ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം സ്വവസതിയില്‍ അനുഭവിച്ച പലകാര്യങ്ങള്‍ക്കും ഞാന്‍ സാക്ഷിയാണ്. ബാല്‍ താക്കറെയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും റാണെ പറഞ്ഞു.

റാണെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഭരണകക്ഷിയായ ബിജെപിക്കുമേല്‍ ശിവസേന സമ്മര്‍ദം ചെലുത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണു വെളിപ്പെടുത്തല്‍. ഒരു കാലത്ത് ബാല്‍ താക്കറെയുടെ വിശ്വസ്തനായിരുന്ന റാണെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് ബാന്ധവം അവസാനിപ്പിച്ച് മഹാരാഷ്ട്ര സ്വാഭിമാന്‍ എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിനൊപ്പമാണ് റാണെയുടെയും പാര്‍ട്ടി.