കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഫൈനല്‍ സ്ഥാനത്തിനു വേണ്ടി പോരാടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി പ്രധാന താരം ഇയാന്‍ ഹ്യൂമിന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റിക്കെതിരെ പരിക്കേറ്റ ഹ്യൂമിന് സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നുറപ്പായി. സീസണ്‍ നഷ്ടമാകുമെന്ന കാര്യം കനേഡിയന്‍ താരവും ബ്ലാസ്റ്റേഴ്‌സും സ്ഥിരീകരിച്ചു.

പൂനെക്കെതിരായ മത്സരത്തിലെ പരിക്ക് നിസ്സാരമാണെന്നാണ് കരുതിയിരുന്നതെങ്കിലും വിശദ പരിശോധനയില്‍ താരത്തിന് ദീര്‍ഘ നാളത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് എ.ടി.കെയെ നേരിടാനൊരുങ്ങുന്ന ടീമിനിത് ദുഃഖ വാര്‍ത്തയായി.

നിര്‍ണായക ഘട്ടത്തില്‍ പരിക്കേറ്റത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ശക്തനായി താന്‍ തിരിച്ചുവരുമെന്നും ഹ്യൂം പറഞ്ഞു. പരിക്കില്‍ നിന്ന് മോചനം നേടുന്നതിന്റെ വിശദാംശങ്ങള്‍ ആരാധകരുമായി പങ്കുവെക്കുമെന്നും തിരിച്ചുവന്നാല്‍ താന്‍ മറ്റൊരു മൃഗമായിരിക്കുമെന്നും ഹ്യൂം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴും മലയാളി താരം സി.കെ വിനീതും ഹ്യൂം പെട്ടെന്ന് തിരിച്ചുവരട്ടെ എന്നാശംസിച്ചു. പ്രിയ താരത്തിനു വേണ്ടി ആരാധകരും പ്രാര്‍ത്ഥനയിലാണ്. കേരള ബ്ലാസ്റ്റേഴ്‌സ്, അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ടീമുകള്‍ക്കു വേണ്ടി ഫൈനലുകള്‍ കളിച്ചിട്ടുള്ള ഹ്യൂം ഐ.എസ്.എല്ലില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരമാണ്.