X

സമാധാനമുള്ള രാജ്യങ്ങളില്‍ വീണ്ടും ഐസ്‌ലന്റ് ഒന്നാമത് ; ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് തന്നെ

സമാധാനവും സന്തോഷവും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വലിയ നാണക്കേട്. ഏറ്റവും ഗ്ലോബല്‍ പീസ് ഇന്റക്‌സില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ 163 രാജ്യങ്ങളുടെ പട്ടികയില്‍ 141ാം സ്ഥാനത്താണ് ഇന്ത്യ.
സാമൂഹിക സുരക്ഷ, ആഭ്യന്തരഅന്താരാഷ്ട്ര കലഹം, സൈനിക സ്വാധീനത്തിന്റെ തോത് എന്നിവയാണ് പട്ടികയില്‍ സൂചകങ്ങളാക്കുന്നത്. ഇത്തവണത്തെ റിപ്പോര്‍ട്ട് കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട സൂചികകള്‍ കൂടി കണക്കിലെടുത്താണ് തയ്യാറാക്കിയത്.

ഐസ്‌ലന്റാണ് ഏറ്റവും മുന്നില്‍. അഫ്ഗാനിസ്ഥാനാണ് 163ാം സ്ഥാനത്ത്. 2008 മുതല്‍ തുടര്‍ച്ചയായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഐസ്‌ലന്റിനാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും പിന്നിലായിരുന്ന സിറിയ ഇക്കുറി ഒരു സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റവും പിന്നിലായി. സൗത്ത് സുഡാന്‍, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍.

ഇന്ത്യ 2016 ല്‍ 141ാം സ്ഥാനത്തായിരുന്നെങ്കിലും 2017ല്‍ നില മെച്ചപ്പെടുത്തി 137ാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ 2018 ലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ പോയി.

ദക്ഷിണേഷ്യയില്‍ ഏറ്റവും സമാധാനമുള്ള രാജ്യമായ ഭൂട്ടാന്‍ ലോക പട്ടികയില്‍ 15ാം സ്ഥാനത്താണ്. ശ്രീലങ്ക 72ാം സ്ഥാനത്തും നേപ്പാള്‍ 76ാം സ്ഥാനത്തും ബംഗ്ലാദേശ് 101ാം സ്ഥാനത്തുമാണ്. അതേസമയം ഇന്ത്യയുടെ ശത്രുരാജ്യമായ പാക്കിസ്ഥാന്‍ 153ാം സ്ഥാനത്താണെന്നുള്ളത് ഇന്ത്യയ്ക്ക് ഏക ആശ്വാസം.

web desk 3: