വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ജോ ബൈഡന്‍ ഫലസ്തീനുള്ള സാമ്പത്തിക സഹായം പുനഃരാരംഭിക്കുമെന്ന് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. വാഷിങ്ടണില്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) ഓഫീസും ആരംഭിക്കുമെന്ന് അവര്‍ അറിയിച്ചു. ദ അറബ് അമേരിക്കന്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാരുന്നു കമല.

‘ഫലസ്തീന്‍ ജനതയ്ക്കായുള്ള സാമ്പത്തിക, മനുഷ്യാവകാശ സഹായം അടിയന്തരമായി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഞങ്ങള്‍ കൈക്കൊള്ളും. ഗാസയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. കിഴക്കന്‍ ജറൂസലേമിലെ യുഎസ് കോണ്‍സുലേറ്റ് വീണ്ടും തുറക്കും. വാഷിങ്ടണിലെ പിഎല്‍ഒ മിഷന്‍ തുറക്കാനുള്ള നടപടികളുമെടുക്കും’ – അവര്‍ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കമല ഹാരിസ് വിഷയത്തില്‍ കൈക്കൊണ്ടത്. വെസ്റ്റ്ബാങ്കിലേക്കും ഗാസയിലേക്കുമുള്ള 200 ദശലക്ഷം യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഭരണകാലയളവില്‍ ട്രംപ് തടഞ്ഞുവച്ചിരുന്നത്. കിഴക്കന്‍ ജറൂസലേമിലെ ഫലസ്തീനികള്‍ക്കുള്ള 25 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായവും ട്രംപ് റദ്ദാക്കിയിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്കിടെ അഞ്ചു ദശലക്ഷം ഡോളര്‍ യുഎസ് ഫലസ്തീന് നല്‍കുകയും ചെയ്തിരുന്നു.

ഗാസയുടെ നിയന്ത്രണം കൈവശം വയ്ക്കുന്ന ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതാണ് സഹായം തടഞ്ഞുവയ്ക്കാനുണ്ടായ കാരണം എന്നാണ് യുഎസ് ഭരണകൂടം പറയുന്നത്. ഫലസ്തീന് പുറമേ, ഫലസ്തീനു വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിക്കുള്ള ഫണ്ടും യുഎസ് നിര്‍ത്തലാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം യുഎസ് ഭരണകൂടം അടച്ചുപൂട്ടിയ കിഴക്കന്‍ ജറൂസലേമിലെ യുഎസ് കോണ്‍സുലേറ്റാണ് അധികാരത്തില്‍ എത്തിയാല്‍ വീണ്ടും തുറക്കുമെന്ന് ഹാരിസ് പ്രഖ്യാപിച്ചത്. നേരത്തെ, അന്താരാഷ്ട്ര എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഇസ്രയേലിലെ യുഎസ് എംബസി ട്രംപ് ടെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റിയിരുന്നു.