ഉഡുപ്പി: വിശ്വപ്രസിദ്ധമായ ഉഡുപ്പി കൃഷ്ണ ക്ഷേത്രത്തില്‍ റമസാന്‍ അവസാന ദിനത്തിലൊരുക്കിയ ഇഫ്താര്‍ രാജ്യത്തെ മതേതര സഹവര്‍ത്തിത്തത്തിന്റെ പുതിയ മാതൃകയായി. റമസാന്‍ 30-ന് (ശനിയാഴ്ച) ആണ് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ‘സൗഹാര്‍ദ ഉപഹാര കൂട്ട’ സംഘടിപ്പിച്ചത്. പര്യായ പെജവാര്‍ മുഠിലെ വിശ്വേഷ തീര്‍ത്ഥ സ്വാമിയുടെ നേതൃത്വത്തിലുള്ള ഇഫ്താര്‍ വിരുന്നില്‍ നിരവധി പേരാണ് പങ്കെടുത്തത്. വാഴപ്പഴം, തണ്ണിമത്തന്‍, ഈത്തപ്പഴം, അണ്ടിപ്പരിപ്പ്, കുരുമുളകു ചായ തുടങ്ങിയവ കൊണ്ട് നോമ്പുതുറന്ന മുസ്ലിംകള്‍ക്ക് ക്ഷേത്രാങ്കണത്തിലെ ഹാളില്‍ മഗ്‌രിബ് നിസ്‌കാരത്തിനുള്ള സൗകര്യവുമൊരുക്കി.

ക്ഷേത്രത്തിലെ പര്യായ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു മതേതര ഇഫ്താറും സൗഹാര്‍ദ സംഗമവും. സ്വാമി വിശ്വേഷ തീര്‍ത്ഥ മുസ്ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകളും നേര്‍ന്നു. കര്‍ണാടക മതസൗഹാര്‍ദത്തിന്റെ മണ്ണായി തുടരണമെന്നും എല്ലാവരും ഒരേ സൃഷ്ടാവില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരം, കാസര്‍കോട്, ഭട്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ തന്നോടും ക്ഷേത്രത്തോടും ഏറെ ബഹുമാനം കാണിക്കുന്നവരാണെന്നും പര്യായ ആഘോഷത്തിന് പല മുസ്ലിംകളും സംഭാവന നല്‍കിയതായും സ്വാമി വ്യക്തമാക്കി.

സ്വാമി വിശ്വേഷ തീര്‍ത്ഥയുടെ കീഴില്‍ അഞ്ചാമത്തെ പര്യായ ഉത്സവമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മുപ്പത് വര്‍ഷം മുമ്പ് തന്റെ കീഴിലെ മൂന്നാമത്തെ പര്യായയില്‍ അദ്ദേഹം പെരുന്നാളിന് ഹിന്ദു – മുസ്ലിം സമ്മേളനം സംഘടിപ്പിച്ചിരുന്നു.

നോമ്പു തുറന്നതിനു ശേഷം ക്ഷേത്ര കോമ്പൗണ്ടിലെ ഡൈനിങ് ഹാളിന്റെ രണ്ടാം നിലയിലാണ് നിസ്‌കാര സൗകര്യമൊരുക്കിയത്. അന്‍ജുമന്‍ മസ്ജിദിലെ ഇമാം മൗലാന ഇനായത്തുല്ല നിസ്‌കാരത്തിന് നേതൃത്വം നല്‍കി. കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.എ ഗഫൂര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.