X

ഓണ്‍ലൈന്‍ മരുന്നു വ്യാപാര രംഗത്തേക്ക് റിലയന്‍സും

മുംബൈ: കോവിഡ് രൂക്ഷമാവുന്നതിനിടെ രാജ്യത്ത് മരുന്നു വ്യാപാര രംഗത്തേക്ക് ചുവടുറപ്പിച്ച് കുത്തക ഭീമന്‍ റിലയന്‍സും. ആമസോണ്‍ ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കോമേഴ്സ് ഭീമന്മാര്‍ മുന്നിട്ടിറങ്ങിയ ഇന്ത്യയിലെ ഓണ്‍ലൈന്‍ മരുന്നു വ്യാപാര രംഗത്തേക്കാണ് റിലയന്‍സും എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഫാര്‍മ മേഖലയില്‍കൂടി ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നെറ്റ്മെഡില്‍ മൂലധനനിക്ഷേപം നടത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡി(നെറ്റ്മെഡ്)ല്‍ 620 കോടിയുടെ നിക്ഷേപമാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് നടത്തിയത്. ഇതോടെ കമ്പനിയുടെ ഭൂരിഭാഗം(60ശതമാനം) ഓഹരികളും റിലയന്‍സിന് സ്വന്തമായി.

ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളുടെ വിതരണവും അതുമായി ബന്ധപ്പെട്ട സേവനവും നല്‍കുകയെന്നതാണ് കമ്പനിയിലെ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍ ഇഷ അംബാനി വ്യക്തമാക്കി. റിലയന്‍സിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോറായ ജിയോമാര്‍ട്ടുമായി സഹകരിച്ച് മരുന്നുകളുടെ വിതരണവും സുഗമമായി നടത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ സമയബന്ധിതമായി വീട്ടിലെത്തിക്കുന്ന സംവിധാനങ്ങളാണ് ഓണ്‍ലൈന്‍ മേഖലയിലുള്ളത്. അതേസമയം, ഈ മേഖലയില്‍ കൂടുതല്‍ കമ്പനികളെത്തുന്നതോടെ ഇത് കടുത്ത പ്രാരംഭ മല്‍സരം സൃഷ്ടിക്കുമെന്നും ഉപഭോക്താക്കള്‍ക്കു വലിയ തോതില്‍ ഗുണകരമാകുമെന്നുമുള്ള വിലയിരുത്തലാണ് നിരീക്ഷകര്‍ പറയുന്നത്.

chandrika: