X

ഫീമെയില്‍ ഒബാമ, ശ്യാമള ഗോപാലന്റെ മകള്‍; യു.എസില്‍ കമല ഹാരിസ് ചരിത്രം തിരുത്തുമോ?

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് അങ്കത്തിനിറങ്ങുകയാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് അപ്രതീക്ഷിത നീക്കത്തില്‍ കമലയുടെ പേര് നിര്‍ദേശിച്ചത്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററായ കമലാ ഹാരിസ് എന്തു കൊണ്ടും ഈ സ്ഥാനത്തേക്ക് യോഗ്യയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

അമ്മ ഇന്ത്യയ്ക്കാരിയും അച്ഛന്‍ ബ്രിട്ടീഷ് ജമൈക്കനുമായ കമലയെ മാദ്ധ്യമങ്ങള്‍ ഫീമെയ്ല്‍ ഒബാമ എന്നാണ് വിശേഷിപ്പിക്കുന്നത്. യു.എസിലേക്ക് കുടിയേറിയവരുടെ മകനായിരുന്നു ഒമാബ.

ഇന്ത്യന്‍ വേരുകള്‍

തമിഴ്നാട്ടില്‍ ജനിച്ച ശ്യാമള ഗോപാലന്‍ ആണ് കമലയുടെ അമ്മ. മുത്തച്ഛന്‍ പി.വി ഗോപാലന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി. തന്റെ ജീവിതത്തെ സ്വാധീനിച്ച ഏറ്റവും വലിയ വ്യക്തിത്വം മുത്തച്ഛനാണ് എന്ന് പല അഭിമുഖങ്ങളിലും കമല പറഞ്ഞിട്ടുണ്ട്. മദ്രാസിലെ ബസന്ത് നഗറിലായിരുന്നു കുടുംബത്തിന്റെ താമസം.

അമ്മ ശ്യാമള ഗോപാലന്‍ അവരുടെ ഇരുപതുകളിലാണ് ഗവേഷണത്തിനായി കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെത്തിയത്. സ്തനാര്‍ബുദ ഗവേഷകയായിരുന്നു ഇവര്‍. പിന്നീട് ബ്രിട്ടീഷ് ജമൈക്കന്‍ വംശജയായ സ്റ്റാന്‍ഫോര്‍ഡ് സാമ്പത്തിക വിഭാഗം പ്രൊഫസര്‍ ഡൊണാള്‍ഡ് ഹാരിസിനെ വിവാഹം കഴിച്ചു. 1964 ഒക്ടോബര്‍ 20ന് ജനിച്ച കമലയ്ക്ക് ഏഴു വയസ്സായപ്പോള്‍ ഇരുവരും വിവാഹമോചിതരായി.

ഇളയ സഹോദരി മായാ ഹാരിസിന് ഒപ്പം കാലിഫോര്‍ണിയയില്‍ ആയിരുന്നു കമലയുടെ ബാല്യകാലം. കറുത്തവള്‍ ആയതു കൊണ്ട് സ്‌കൂളിലും കളി സ്ഥലങ്ങളിലും തനിക്ക് ഏറെ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കമല പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

യു.എസ് പൊതുരംഗത്തേക്ക്

2004ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയാണ് കമലയുടെ പൊതുരംഗപ്രവേശം. 2007ല്‍ ഇവിടെ നിന്ന് എതിരില്ലാതെ വീണ്ടം തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍, ദക്ഷിണേഷ്യന്‍ അമേരിക്കന്‍ ആയിരുന്നു അവര്‍.

ഒബാമ യു.എസ് പ്രസിഡണ്ടായിരുന്ന വേളയില്‍ കമലയെ യു.എസ് അറ്റോര്‍ണി ജനറലാക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ ആ പദവിയില്‍ തനിക്ക് താത്പര്യമില്ലെന്ന് അവര്‍ പ്രസ്താവനയിറക്കി. 2016ല്‍ സുപ്രിംകോടതി ജഡ്ജ് ആന്റോണിന്‍ സ്‌കല്ല മരിച്ചതിന് ശേഷം കമല സുപ്രിംകോടതി അസോസിയേറ്റ് ജസ്റ്റിസ് ആകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ യു.എസ് സെനറ്റിലേക്ക് മത്സരിക്കാനാണ് ആഗ്രഹം എന്നു പറഞ്ഞ് അതും അവര്‍ വേണ്ടെന്നു വച്ചു.

യു.എസ് സെനറ്റില്‍

കാലിഫോര്‍ണിയയില്‍ 24 വര്‍ഷം ജൂനിയര്‍ സെനറ്ററായി ഇരുന്ന ശേഷമാണ് ബാര്‍ബറ ബോക്സര്‍ റിട്ടയര്‍ ചെയ്ത സീറ്റില്‍ മത്സരിക്കാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 2015ല്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു. ആദ്യ തെരഞ്ഞെടുപ്പില്‍ ലോറെറ്റ സാഞ്ചസിനെയാണ് കമല പരാജയപ്പെടുത്തിയത്. 2017 ജനുവരിയില്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന മുസ്ലിം നിരോധനത്തിനെതിരെ ആദ്യമായി സംസാരിച്ചവരില്‍ ഒരാള്‍ കമല ഹാരിസ് ആയിരുന്നു.

2018ല്‍ ഇവര്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെത്തി. കാംബ്രിജ് അനാലിറ്റിക റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെയും വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വെയ്ലിനെയും ചോദ്യം ചെയ്ത സമിതിയില്‍ ഇവരുമുണ്ടായിരുന്നു. ട്രംപിന്റെ ഫാമിലി സപറേഷന്‍ നയത്തിനെതിരെയും അവര്‍ ശക്തമായി രംഗത്തുവന്നു.

നിലവില്‍ കമ്മിറ്റി ഓഫ് ബജറ്റ്, കമ്മിറ്റി ഓഫ് ജുഡീഷ്യറി എന്നിവ അടക്കം നാലു പ്രധാന സമിതികളിലെ അംഗമാണ് ഇവര്‍. ഇതിനു പിന്നാലെയാണ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഡെമോക്രാറ്റിക് പാര്‍ട്ടി ഇവരെ പ്രഖ്യാപിക്കുന്നത്.

Test User: