X

ന്യൂനപക്ഷ വകുപ്പില്‍ അനധികൃത നിയമനം

ന്യൂനപക്ഷ വകുപ്പില്‍ ചട്ടങ്ങള്‍ മറികടന്ന് നൂറോളം പേര്‍ക്ക് അനധികൃത നിയമനം. ന്യൂനപക്ഷ ഡയറക്ടറേറ്റ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍, കോച്ചിംഗ് സെന്ററുകള്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളിലേക്ക് നടത്തിയ നിയമനങ്ങളിലാണ് വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക തയാറാക്കിയത് സി.പി.എം ജില്ലാ കമ്മിറ്റികളും മന്ത്രി കെ.ടി ജലീലിന്റെ ഓഫീസുമാണ്.

മതിയായ യോഗ്യതകളില്ലാതെ നിയമനം നല്‍കിയവരില്‍ മന്ത്രിയുടെ ബന്ധുക്കളും ഉള്‍പെടുന്നു. ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ നിയമനം നേടിയ ബന്ധു മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തന്നെയാണ് താമസം. മന്ത്രിയുടെ മറ്റൊരു ബന്ധുവിന് നിയമനം നല്‍കിയത് വേങ്ങരയിലെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററിലാണ്. സി.പി.എം ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കളാണ് പ്രധാന തസ്തികകളില്‍ ഇടംനേടിയത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമാണ് പത്തനംതിട്ട ന്യൂനപക്ഷ കോച്ചിംഗ് സെന്ററിലെ പ്രിന്‍സിപ്പല്‍. പത്തനംതിട്ടയില്‍ തന്നെ മുനിസിപ്പില്‍ കൗണ്‍സിലറുടെ ഭാര്യയെയും ഡി.വൈ.എഫ്.ഐ ജില്ലാ ഓഫീസ് സെക്രട്ടറിയെയും നിയമിച്ചു. പാലക്കാട് ഡി.വൈ.എഫ്.ഐ ഏരിയാ നേതാവിനും മന്ത്രിയുടെ സുഹൃത്തിന്റെ മകനും നിയമനം നല്‍കി. സി.പി.എം കര്‍ഷക സംഘം നേതാവിന്റെ മകളെ പെരിന്തല്‍മണ്ണ കോച്ചിംഗ് സെന്ററിലെ പ്രധാന തസ്തികകളിലൊന്നില്‍ നിയമിച്ചു. ആലപ്പുഴയില്‍ സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസ് ജീവനക്കാരിയുടെ മകള്‍ക്കും തിരുവനന്തപുരത്തെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററില്‍ ഡി.വൈ.എഫ്.ഐ നേതാവിനും നിയമനം നല്‍കി. കണ്ണൂരില്‍ സി.പി.എം ഓഫീസ് സെക്രട്ടറിയുടെ മകനും പ്രധാന ചുമതലയിലാണ്. പതിനാറ് കോച്ചിംഗ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാരുടെ തെരഞ്ഞെടുപ്പിന് യാതൊരു മാനദണ്ഡവും പാലിച്ചില്ല. പ്രിന്‍സിപ്പലാകാന്‍ നെറ്റും സെറ്റും പി.ജിയും നിര്‍ബന്ധമാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ പലയിടത്തും യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നത്.
വിവിധ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്. പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കിയ ശേഷം ഇന്റര്‍വ്യൂ നടത്തി, മാര്‍ക്ക് ലിസ്റ്റ് തയാറാക്കി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ ഇന്റര്‍വ്യൂ നടക്കുന്നതിന്റെ തലേദിവസം ന്യൂനപക്ഷ വകുപ്പിന്റെ വെബ്‌സൈറ്റില്‍ വാര്‍ത്ത നല്‍കുക മാത്രമാണുണ്ടായത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ പങ്കെടുത്തതുമില്ല.
സി.പി.എം ജില്ലാക്കമ്മിറ്റികള്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തിയതെങ്കിലും ചില ജില്ലകള്‍ തയാറാക്കിയ പട്ടിക മന്ത്രിയുടെ ഓഫീസ് വെട്ടിയത് പാര്‍ട്ടിയില്‍ പ്രശ്‌നമായിട്ടുണ്ട്. ഇതുകാരണം ജില്ലാ കമ്മിറ്റികള്‍ മന്ത്രിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. പാര്‍ട്ടി നല്‍കിയ പട്ടിക മറികടന്ന് ചിലരെ നിയമിക്കാന്‍ മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖന്‍ ഇടപെട്ടു. ഇയാള്‍ ചിലരുടെ പേരുകള്‍ ഇന്റര്‍വ്യൂ നടത്തുന്നവരുടെ ഫോണുകളിലേക്ക് എസ്.എം.എസ് നല്‍കി നിയമനം ഉറപ്പിക്കുകയായിരുന്നു. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേര്‍ക്കാണ് ഇതുമൂലം അവസരം നഷ്ടമായത്. പത്രപ്പരസ്യത്തിന്റെ കോപ്പിയും റാങ്ക് ലിസ്റ്റും ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ന്യൂനപക്ഷ വകുപ്പ് തയാറായില്ല. ഇവരിപ്പോള്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ പാര്‍ട്ടിക്കാരെ പ്രധാന തസ്തികകളില്‍ നിയമിച്ചതോടെ പലരും ഓഫീസുകളില്‍ എത്തുകയോ കൃത്യനിര്‍വഹണം നടത്തുകയോ ചെയ്യാറില്ല. ഇതാണ് ന്യൂനപക്ഷ വകുപ്പിന്റെ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പെരുവഴിയിലായതിന് കാരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചുമാസമായപ്പോള്‍ത്തന്നെ നിലവിലുണ്ടായിരുന്ന ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ടിരുന്നു. പുതിയ നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ എല്ലാംതന്നെ കാറ്റില്‍പറത്തുകയും ചെയ്തു.

chandrika: