മാഡ്രിഡ്: സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍ വേട്ട നടത്തിയ പോരാട്ടത്തില്‍ ഡിപ്പോര്‍ട്ടീവോ അലാവസിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തരിപ്പണമാക്കി റയല്‍ മാഡ്രിഡ് പി.എസ്.ജിക്കെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ അവസാന പാദത്തിനൊരുങ്ങി.

ലാലീഗയില്‍ ഇത് വരെ തപ്പി തടയുകയായിരുന്ന സൈനുദ്ദീന്‍ സിദാന്റെ സംഘത്തിന് മുന്നില്‍  അലാവസിന് ആയുധമേ ഉണ്ടായിരുന്നില്ല. ഒന്നാം പകുതിയുടെ അവസാനത്തില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ആദ്യം സ്‌ക്കോര്‍ ചെയ്തു. രണ്ടാം പകുതി തുടങ്ങിയതും ജെറാത്ത് ബെയില്‍ ലീഡ് ഉയര്‍ത്തി. പിറകെ റൊണാള്‍ഡോയുടെ രണ്ടാം ഗോളെത്തി.

അവസാനത്തില്‍ ബെയിലിനെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയതിന് അനുവദിച്ച സ്‌പോട്ട് കിക്ക് കരീം ബെന്‍സേമക്ക് സമ്മാനിച്ച് റൊണാള്‍ഡോ മാതൃകയുമായി. സ്‌പോട്ട് കിക്ക് ഗോളാക്കിയിരുന്നെങ്കില്‍ റൊണാള്‍ഡോക്ക് ഹാട്രിക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അതിന് നില്‍ക്കാതെ കൂട്ടുകാരനായ ബെന്‍സേമക്ക് പന്ത് നല്‍കി. ഫ്രഞ്ചുകാരന്റെ കിടിലന്‍ ഷോട്ട് വലയില്‍ കയറി. 25 കളികളില്‍ നിന്ന് റയലിനിപ്പോള്‍ 51 പോയന്റായി. മൂന്നാം സ്ഥാനം. ബാര്‍സ, അത്‌ലറ്റികോ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍