X

കെണിയില്‍ ഓസീസും; ഉമേഷ് യാദവിന് നാല് വിക്കറ്റ്, ഓസീസ് 9/256

പൂനെ: വീമ്പു പറച്ചിലും യാഥാര്‍ത്ഥ്യവും രണ്ടാണെന്ന് ചുരുങ്ങിയത് ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ കമന്റര്‍മാര്‍ക്കെങ്കിലും ഇന്നലെ മനസിലായിക്കാണും. ഇന്ത്യയിലെത്തിയാല്‍ ഡേവിഡ് വാര്‍നറുടെ ട്രിപ്പിള്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ സ്മിത്തിന്റെ വെടിക്കെട്ടുമൊക്കെ പ്രവചിച്ചവര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ വാ അടപ്പിക്കുന്ന മറുപടി നല്‍കിയതോടെ ഇന്ത്യയ്‌ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കങ്കാരുക്കള്‍ ഒമ്പതിന് 256 എന്ന നിലയില്‍ പതറുന്നു. സ്റ്റമ്പെടുക്കുമ്പോള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മിച്ചല്‍ സ്റ്റാര്‍കും (57*) ഒരു റണ്‍സുമായി ഹാസല്‍വുഡുമാണ് ക്രീസില്‍. പത്താം വിക്കറ്റില്‍ ഹസില്‍വുഡിനെ കൂട്ടുപിടിച്ച് സ്റ്റാര്‍ക്ക് നടത്തിയ അപ്രതീക്ഷിത ചെറുത്തു നില്‍പാണ് ഓസീസിനെ ഒന്നാം ദിവസം തന്നെ പുറത്താകുന്നതില്‍ നിന്നും രക്ഷിച്ചത്. പത്താം വിക്കറ്റില്‍ ഇരുവരും ഇതുവരെ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 58 പന്തില്‍ അഞ്ച് ഫോറും, മൂന്ന് സിക്‌സും പറത്തിയാണ് സ്റ്റാര്‍ക്കിന്റെ ഇന്നിംഗ്‌സ്. ഇന്ത്യക്കായി ഉമേശ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അശ്വിനും, ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് ജയന്ത് യാദവും നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് നായകന്റെ കണക്കുകൂട്ടല്‍ ശരിവെക്കുന്ന വിധത്തിലായിരുന്നു തുടക്കം. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍നറും റെന്‍ഷായും കൂടി 82 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍ ഉമേശ് വാര്‍നറെ ബൗള്‍ഡാക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. 38 റണ്‍സാണ് വാര്‍നര്‍ നേടിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ റെന്‍ഷാ പരിക്കേറ്റ് റിട്ടേഴ്ഡ് ഹര്‍ട്ടായത് ഓസീസിന് തിരിച്ചടിയായി. 36 റണ്‍സായിരുന്നു റെന്‍ഷായുടെ അപ്പോഴത്തെ സ്‌കോര്‍. ഇതോടെ പ്രതിസന്ധിയിലായ ഓസീസിന് പിന്നീടൊരിക്കലും തിരിച്ചുവരാനായില്ല. മാര്‍ഷ് (16). സ്മിത്ത് (27) ഹാന്‍കോമ്പ് (16) എന്നിവര്‍ ടീം സ്‌കോര്‍ 150 എത്തുന്നതിന് മുമ്പേ പുറത്തായി. ഇതിനിടെ ക്രീസില്‍ തിരിച്ചെത്തിയ റെന്‍ഷാ അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 156 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 68 റണ്‍സാണ് റെന്‍ഷാ നേടിയത്. അശ്വിന്റെ പന്തില്‍ വിജയ്ക്ക് ക്യാച്ച് നല്‍കിയാണ് അദ്ദേഹം പുറത്തായത്. പിന്നീട് ഓസീസിന്റെ തകര്‍ച്ച പെട്ടെന്നായിരുന്നു. മാര്‍ഷ് (ം4), വാഡ് (ം8) ഒകീഫ് (0) ലയണ്‍ (0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ പ്രകടനം. 12 ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് ഉമേശ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയത്. 59 റണ്‍സും 74 റണ്‍സും യഥാക്രമം വഴങ്ങിയാണ് അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയത്. മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങിയത്. അശ്വിനും ജഡേജയെയും കൂടാതെ ജയന്ത് യാദവും ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചു. ഉമേശ് യാദവ്, ഇശാന്ത് ശര്‍മ്മ എന്നിവരാണ് പേസ് ബൗളര്‍മാര്‍. ബാറ്റിംഗ് നിരയില്‍ ഇന്ത്യ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ക്ക് ഇത്തവണയും ടീമില്‍ ഇടംപിടിക്കാനായില്ല.

chandrika: