X
    Categories: Newsworld

ഓസ്‌ട്രേലിയയില്‍ നാസി ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ തടവ്

സിഡ്‌നി: നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. ഇത്തരം ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. തീവ്ര വലതുപക്ഷത്തിന്റെ പ്രവര്‍ത്തനം പുനഃരുജ്ജീവിപ്പിക്കുന്നതിനിടെ ഇത്തരം ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുകയെന്നതാണ് നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് പ്രത്യേക നിയമനിര്‍മാണം പ്രഖ്യാപിച്ച് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെഫസ് പറഞ്ഞു.

നാസി പതാകകള്‍, ആം ബാന്‍ഡുകള്‍, ടി-ഷര്‍ട്ടുകള്‍, ചിഹ്നങ്ങള്‍ എന്നിവക്കും നാസി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ഹോളോകോസ്റ്റിന്റെ ഭീകരതയെ മഹത്വപ്പെടുത്തുന്ന ചിഹ്നങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്നും നാസികളുടെതായ ഒരു വസ്തുവും പ്രദര്‍ശിപ്പിക്കുന്നതിനും അതിന്റെ വില്‍പനയിലൂടെ ലാഭമുണ്ടാക്കുന്നതിനും ആരെയും അനുവദിക്കില്ലെന്നും മാര്‍ക്ക് ഡ്രെഫസ് പറഞ്ഞു. മതപരമായ ചടങ്ങുകളില്‍ സ്വസ്തിക് ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സമില്ല. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനുമായി നിയോ-നാസികള്‍ ലോക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളിലേക്ക് കടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

webdesk11: