ലാഹോര്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നോബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക് അസംബ്ലിയില്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. പാക്മന്ത്രി ഫവാദ് ചൗധരിയാണ് ദേശീയ അസംബ്ലയില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ചായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്.

ഇതിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ക്യാംപെയിന്‍ നടന്നിരുന്നു. കൂടാതെ രണ്ടുലക്ഷം പേര്‍ ഒപ്പിട്ട കത്തും ഇതിനായി തയ്യാറാക്കിയിരുന്നു. എന്നാല്‍ സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാരം തനിക്കല്ല ലഭിക്കേണ്ടത്. കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നവര്‍ക്കാണ് അതിന് അര്‍ഹത എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.