നമുക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കുന്ന മലയാളത്തിലെ കിടിലന്‍ സിനിമയാണ് ഇന്‍ ഹരിഹര്‍ നഗര്‍. കാലമെത്ര കഴിഞ്ഞിട്ടും ആ സിനിമയിലെ ചിരിമുഹൂര്‍ത്തങ്ങള്‍ക്ക് മാറ്റു കുറഞ്ഞിട്ടില്ല. ആ ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍.

ഹരിഹര്‍ നഗര്‍ സിനിമ ഷൂട്ട് നടക്കുന്ന സ്ഥലത്ത് വെച്ച് സുരേഷ് ഗോപിക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ചാണ് സൗബിന്‍ തന്റെ പ്രിയ ചിത്രത്തെ ഓര്‍ത്തെടുത്തത്. സൗബിന്റെയും സഹോദരന്‍ ഷാബിന്‍ ഷാഹിറിന്റെയും കുട്ടിക്കാലമാണ് ചിത്രത്തില്‍. സിനിമയിലെ അതേ ലുക്കില്‍ സുരേഷ് ഗോപി ഇരുവര്‍ക്കുമൊപ്പം ഒരു കട്ടിലില്‍ ഇരിക്കുന്നതാണ് ചിത്രം. സൗബിന്റെ പിതാവ് ഇന്‍ ഹരിഹര്‍ നഗറിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ ബന്ധത്തിനു പുറത്താണ് ഈ ഫോട്ടോ പിറക്കുന്നത്.

1990-ല്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ സിനിമയുടെ തുടര്‍ന്നുള്ള രണ്ടു ഭാഗങ്ങളും വന്‍ ഹിറ്റായിരുന്നു.