X
    Categories: indiaNews

അങ്കണവാടി ജീവനക്കാരുടെ വേതനവും ജീവിതനിലവാരവും മെച്ചപ്പെടുത്താനാവശ്യമായ നടപടികളെടുക്കാന്‍ ഏറെ വൈകിയെന്ന് സമദാനി ലോക്‌സഭയില്‍

അങ്കണവാടി ജീവനക്കാരുടെ വേതനവും ജീവിതനിലവാരവും മെച്ചപ്പെടുത്താനാവശ്യമായ നടപടികളെടുക്കാന്‍ ഏറെ വൈകിപ്പോയെന്ന് മുസ്‌ലിം ലീഗ് എംപി സമദാനി ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്തിന്റെ ദേശീയഅജണ്ടയുടെ ഭാഗമായി കാണേണ്ട പൊതുസേവനമേഖലയാണ് അവരുടേത്. ആ രീതിയില്‍ത്തന്നെ അവരെ പരിഗണിക്കാനും അവരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കാനും ഇനിയും വൈകിക്കൂടാ. അങ്കണവാടി ജീവനക്കാരോടുള്ള സര്‍ക്കാരുകളുടെ സമീപനം തന്നെ തിരുത്തേണ്ടതുണ്ട്. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ക്ഷേമത്തിനായി എടുക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും അവരെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ സംവിധാനം ഒരുക്കണം. പല അങ്കണവാടി കെട്ടിടങ്ങളുടെയും സ്ഥിതി വളരെ ശോചനീയമാണ്. അവിടെ കുടിവെള്ളവും മികവുറ്റ ശൗചാലയവും ഏര്‍പ്പെടുത്തണം. കേവല പഠനകേന്ദ്രങ്ങളല്ല അങ്കണവാടികള്‍. കുട്ടികള്‍ക്ക് പോഷകാഹാരവും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്താനുള്ള കേന്ദ്രങ്ങളാണത്. അതോടൊപ്പം വിദ്യാഭ്യാസപരമായ ആവശ്യങ്ങളും അത് നിര്‍വഹിക്കുന്നുണ്ട് അദ്ദേഹം ഓര്‍മിപ്പിച്ചു.

സമുദായമൈത്രിയും സഹവര്‍ത്തിത്വവും ദേശീയോദ്ഗ്രഥനവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള പ്രഥമ പരിശീലന കേന്ദ്രങ്ങളില്‍പ്പെട്ടതാണ് അങ്കണവാടി സ്ഥാപനങ്ങള്‍. ഒരു ഹിന്ദി കവി പറഞ്ഞതുപോലെയാണ് ‘ ഞാനും നീയും കളിച്ചു വളര്‍ന്ന ‘അങ്കണ’ത്തിന്റെ മണ്ണാണ് നാം ഇരുവരുടെയും ദേഹത്തിലുള്ളത്.നീ നിന്റെ ദേഹമൊന്ന് തൊട്ടുനോക്കൂ എന്റെ ശരീരത്തിലുള്ള മണ്ണ് തന്നെയാണ്’രാജ്യത്തിനും സമൂഹത്തിനും വേണ്ടി അത്യധ്വാനം ചെയ്യുന്നവരുടെ സേവനങ്ങളെ അവഗണിക്കുകയും അവര്‍ക്ക് തുച്ഛമായ വേതനം മാത്രം നല്‍കുകയും അതേസമയം അത്രയൊന്നും ഗൗരവ പ്രാധാന്യമില്ലാത്ത ഉദ്യോഗരംഗങ്ങളെ കണക്കറ്റ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് രാജ്യത്ത് അനുവര്‍ത്തിച്ചു പോരുന്നത്. ഈ മനോഭാവത്തിന് ഇരയാക്കപ്പെട്ടവരാണ് അങ്കണവാടി ജീവനക്കാര്‍ . അവരോടുള്ള വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള ശക്തമായ നടപടികള്‍ അനിവാര്യമാണ് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

web desk 3: