X
    Categories: keralaNews

ഇടത് സര്‍ക്കാരിന്റെ ഉദ്ഘാടന തട്ടിപ്പ്; നേര്‍സാക്ഷ്യമായി ഹോംകോ

ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയും ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് ഉദ്ഘാടന മാമാങ്കങ്ങള്‍ക്കായി തട്ടിക്കൂട്ടി എടുത്തത് നിരവധി കെട്ടിടങ്ങള്‍. സിമന്റ് കൂടാരങ്ങള്‍ക്ക് പുറമെ പെയന്റ് അടിച്ച് മോടിപിടിപ്പിച്ചും അകം ഉപയോഗശൂന്യമായതുമായി നിരവധി കെട്ടിടങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പൊള്ളത്തരങ്ങളുടെ ബാക്കി പത്രമായി അവശേഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ കലവൂരില്‍ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡിന്റെ (ഹോംകോ) പുതിയ ഫാക്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇത്തരമൊരു തട്ടിപ്പിന്റെ മികച്ച ഉദാഹരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോമിയോ മരുന്നുകള്‍ എത്തിക്കുന്നതിനായി ദേശീയപാതയോരത്ത് തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടത്തിന്റെ ഭംഗി പുറം കാഴ്ചയില്‍ മാത്രമാകുമ്പോള്‍ ഉള്‍ഭാഗം ഉപയോഗപ്രദമാകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

കേരള സര്‍ക്കാര്‍, ആയുഷ് വകുപ്പ് എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോകോയുടെ പുതിയ കെട്ടിടം കഴിഞ്ഞ ഫെബ്രുവരി 16ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തപ്പോള്‍ തോമസ് ഐസക്കായിരുന്നു അധ്യക്ഷന്‍. ലക്ഷങ്ങള്‍ പൊടിച്ചുള്ള ഉദ്ഘാടന മാമാങ്കത്തിന് ശേഷവും കെട്ടിട നിര്‍മ്മാണം എങ്ങുമെത്തിയില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും തുടരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍. ഹോമിയോ മരുന്ന് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള യാതൊരുവിധ പ്രാരംഭ പ്രവര്‍ത്തനങ്ങളും കെട്ടിടത്തിനുള്ളില്‍ ആരംഭിച്ചിട്ടില്ല. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മെഷീനുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കേണ്ടത്. ഇതിന്റെ ടെണ്ടര്‍ നടത്തി സ്ഥാപനത്തിലെ പ്രതിനിധി സംഘം ഇവ പരിശോധിച്ചെങ്കിലും കാര്യമായ പുരോഗതി വിഷയത്തിലുണ്ടായിട്ടില്ല. വീണ്ടും ടെണ്ടര്‍ നടത്തേണ്ട സാഹചര്യമാണ് നിലവിലെന്നും പറയപ്പെടുന്നു. അത് പൂര്‍ത്തീകരിക്കപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവരും. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പകരം പുതിയ ജീവനക്കാരെ നിയമിക്കാനായിരുന്നു അധികൃതര്‍ക്ക് താല്‍പര്യം. പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തിലേക്ക് എന്തിന് ജീവനക്കാരെന്ന ചോദ്യവുമായി തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയതോടെ അതില്‍ നിന്നും സ്ഥാപനം പിന്മാറുകയായിരുന്നു.

ഹോമിയോ മരുന്ന് നിര്‍മ്മാണത്തിന്റെ അഭിവാജ്യ ഘടകമായ സ്പിരിറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളോ, സ്ഥാപനത്തിലേക്കുള്ള എക്‌സൈസ് സംഘത്തിന്റെ നിയമനമോ നടന്നിട്ടില്ല. മതര്‍ ടിഞ്ചര്‍, ഡയല്യൂഷന്‍, ഓയില്‍-ഓയിന്‍മെന്റ് പ്ലാന്റ് തുടങ്ങിയ ഹോമിയോ മരുന്ന് നിര്‍മ്മാണത്തിലെ വിവിധ വിഭാഗങ്ങള്‍ സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ പോലും നടക്കാതെയാണ് ഉദ്ഘാടന നാടകം അരങ്ങേറിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളാണ് ഹോംകോയുടെ ഇത്തരമൊരു കെട്ടിടമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ദേശീയപാതയോരത്തെ 57 സെന്റ് പുറംപോക്ക് സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും ഇതിനുമേല്‍ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് അവകാശവാദം ഉന്നയിച്ചതുമെല്ലാം പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനായി. അത്തരത്തില്‍ അനുവദിക്കപ്പെട്ട സ്ഥലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിടല്‍ നടത്തുകയും നാല് കോടിയോളം രൂപ സര്‍ക്കാരിന്റെതായി നല്‍കുകയും ചെയ്തു. കാര്യമായ ഇടപെടല്‍ ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇല്ലാതെ വന്നതോടെ കഴിഞ്ഞ അഞ്ച് വര്‍ഷവും കെട്ടിട നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങിയതാണ് ഇപ്പോള്‍ തട്ടിക്കൂട്ട് ഉദ്ഘാടനത്തിലേക്ക് എത്തേണ്ടിവന്നത്. സ്ഥാപനത്തിന്റെ ഓണ്‍ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. യുഡിഎഫ് ഭരണകാലത്തെ എംഡി ഡോ. പി. വി സന്തോഷ് സ്ഥാനം ഒഴിയുമ്പോള്‍ 36 കോടിക്ക് മുകളിലായിരുന്നു സ്ഥാപനത്തിന്റെ സ്ഥിര നിക്ഷേപം. ഇത് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് സ്ഥാപനത്തില്‍ നടക്കുന്നത്. സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ കുത്തക അവകാശപ്പെടുന്ന സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റുകളിലെ പരിഗണന പലപ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: