X

ഭീകരര്‍ക്ക് സംരക്ഷണവും നല്‍കുന്നില്ലെ?; യു.എന്നില്‍ പാകിസ്താനെ ഉത്തരംമുട്ടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: യു.എന്നില്‍ പാകിസ്താനെ ഉത്തരംമുട്ടിച്ച് ഇന്ത്യ. പാകിസ്താന്റെ ആരോപണങ്ങള്‍ക്കു മറുപടിയായി യു.എന്നില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിര്‍ നടത്തിയ പ്രസംഗത്തിലാണ് തിരിച്ചടിച്ചത്. 2014ലെ പെഷവാര്‍ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്താന്റെ ആരോപണം. എന്നാല്‍ പാകിസ്താന്റെ പ്രസ്താവന നിഷ്ഠൂരവും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമാണെന്ന് ഈനം ഗംഭിര്‍ ആഞ്ഞടിച്ചു.

പാകിസ്താനിലെ പുതിയ സര്‍ക്കാരിനെ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ഈനം പ്രസംഗം ആരംഭിച്ചത്. നിരപരാധികളായ സ്‌കൂള്‍ കുട്ടികളെ കൂട്ടക്കൊല നടത്തിയ സംഭവം ഇന്ത്യയും വളരെ വേദനയോടെയാണ് കേട്ടത്. സംഭവം ഏറെ വേദനാജനകമാണ്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ പാര്‍ലമെന്റ് ആദരാഞ്ജലി അര്‍പ്പിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇന്ത്യയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പെഷവാറിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കായി രണ്ട് മിനിറ്റ് മൗനം ആചരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഈനം ഗംഭീറിന്റെ യു.എന്‍ മറുപടി ഇന്ത്യയിലെ യുഎന്‍ അംബാസിഡര്‍ സയിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.
ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന പാകിസ്താന്‍ വാദവും ഈനം ഗംഭീര്‍ തള്ളിക്കളഞ്ഞു. ഐക്യരാഷ്ട്രസഭ ആഗോള ഭീകരന്മാരായ പ്രഖ്യാപിച്ച 132 പേര്‍ക്ക് ആശ്രയവും സംരക്ഷണവും നല്‍കുന്നുവെന്ന കാര്യം പാകിസ്താന് നിരാകരിക്കാന്‍ സാധിക്കുമോയെന്നും അവര്‍ ചോദിച്ചു. യു.എന്‍ ഉപരോധമുള്ള 22 ഭീകര സംഘടനകള്‍ പാകിസ്താനില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ലെയെന്നും ഈനം ഗംഭീര്‍ ചോദിച്ചു.

chandrika: