X
    Categories: NewsViews

രാജ്യവ്യാപക പ്രതിഷേധം: ആര്‍.സി.ഇ.പി കരാര്‍ ഇന്ത്യ ഒപ്പുവെക്കില്ല

ബാങ്കോക്ക്: ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും ചൈനയും ഉള്‍പ്പെടെ മറ്റ് ആറ് രാഷ്ട്രങ്ങളും ഉള്‍കൊള്ളുന്ന ആര്‍.സി.ഇ.പി കരാര്‍ ഒപ്പുവെക്കുന്നതില്‍നിന്ന് ഇന്ത്യ അവസാന നിമിഷം പിന്മാറി. കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ മറ്റ് രാഷ്ട്രങ്ങള്‍ എതിര്‍ത്തതാണ് പിന്മാറ്റത്തിനു കാരണമെന്നും രാജ്യതാല്‍പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാകാത്ത സാഹചര്യത്തിലാണ് പിന്മാറുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. അതേസമയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദി സര്‍ക്കാറിന്റെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.
ബാങ്കോക്കില്‍ ഇന്നലെ നടന്ന ആസിയാന്‍ അംഗ രാഷ്ട്ര തലവന്മാരും കരാറിന്റെ ഭാഗമാകുന്ന മറ്റ് രാഷ്ട്ര തലവന്മാരും പങ്കെടുത്ത ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ കരാര്‍ ഒപ്പുവെക്കുമെന്നായിരുന്നു വിവരം. കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് ബാങ്കോക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുകയായിരുന്നു. ഇന്ത്യ പ്രകടിപ്പിച്ച ചില ആശങ്കകളില്‍ പ്രധാനമന്ത്രി അവസാന നിമിഷം വരെ ഉറച്ചുനിന്നുവെന്നും രാജ്യതാല്‍പര്യം അടിയറ വെക്കാന്‍ കഴിയില്ല എന്നതിനാലാണ് പിന്മാറ്റമെന്നും ആര്‍.സി.ഇ.പി കരാര്‍ നിഷ്പക്ഷമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതേസമയം ആര്‍.സി.ഇ.പി കരാറും സാമ്പത്തിക മാന്ദ്യവും ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കാനിരിക്കെയാണ് തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ മാറ്റിയത്. പ്രക്ഷോഭ പരിപാടികള്‍ക്ക് പിന്തുണ തേടി കോണ്‍ഗ്രസ് ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 13 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. വിവിധ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരാറിനെതിരെ പ്രതിഷേധം നടന്നു വരികയാണ്.
മോദി സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തില്‍ നിലയുറപ്പിച്ച മുഴുവന്‍ ജനങ്ങളുടെയും വിജയമാണ് കരാറില്‍നിന്ന് പിന്മാറാനുള്ള കേന്ദ്ര തീരുമാനമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അതേസമയം ആശങ്കകള്‍ പരിഹരിക്കുന്ന മുറക്ക് കരാറുമായി മുന്നോട്ടു പോകുമെന്ന സൂചനതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇപ്പോഴും നല്‍കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: