X

പാക്കിസ്താനിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ യുദ്ധസമാനഭീതി; പാകിസ്താന്‍ തിരിച്ചടിച്ചാല്‍ ശക്തമായി ചെറുക്കാന്‍ നിര്‍ദേശം; പൂര്‍ണ സജ്ജരായി സൈന്യം

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകര്‍ത്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാന യൂസഫ് അസ്ഹറാണ് ക്യാംപിന് നേതൃത്വം നല്‍കിയിരുന്നത്. ഈ ഓപ്പറേഷനില്‍ നിരവധി ജെയ്‌ഷെ മുഹമ്മദ് ഭീകരരും അവരുടെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനിലേക്ക് പ്രവേശിച്ചെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ യുദ്ധവിമാനം മുസാഫറാബാദ് മേഖലയിലാണ് അതിര്‍ത്തി കടന്നതായി ആരോപിക്കപ്പെടുന്നത്. പാക് വ്യോമസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ആരോപണമുന്നയിച്ചത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും സമയോചിതമായ പ്രതികരണമുണ്ടായതിനാല്‍ വിമാനം തിരിച്ചു പോയെന്നും മേജര്‍ ജനറല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

അതേസമയം, അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തമായി ചെറുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണ സജ്ജരാണെന്ന് ഇന്ത്യന്‍ വ്യോമസേനയും, കരസേനയും അറിയിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സേന പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

chandrika: