X

‘സല്യൂട്ട് പൈലറ്റ്‌സ്’; വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിക്ക് പിന്നാലെ വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പൈലറ്റുമാരെ അഭിവാദ്യം ചെയ്തത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ തിരിച്ചടി നടത്തിയതിന് പിന്നാലെയാണ് വ്യാമസേനാ പൈലറ്റുമാര്‍ക്ക് രാഹുല്‍ ഗാന്ധി അഭിവാദ്യമര്‍പ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ച സ്‌ഫോട വസ്തുക്കള്‍ പാകിസ്ഥാനില്‍ നിന്നും കൊണ്ട് വന്നതാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 25 കിലോ ആര്‍ഡിഎക്‌സ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും കണ്ടെത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് പാകിസ്ഥാന് അവരുടെ മണ്ണില്‍ കയറി ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ 3.30ന് ഒരു ഡസന്‍ മിറാഷ് 2000 വിമാനങ്ങളുപയോഗിച്ച് പാക് പ്രദേശത്ത് ബോംബാക്രമണം നടത്തുകയായിരുന്നു ഇ്ന്ത്യ.

ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന ബലാപൂരിനെയാണ് മിറാഷ് വിമാനങ്ങള്‍ പ്രധാനമായും ആക്രമിച്ചത്. പുല്‍വാമ ഭീകരാക്രമണമുണ്ടായപ്പോള്‍ തന്നെ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ കേവലം പന്ത്രണ്ട് ദിവസങ്ങള്‍ക്ക് അപ്പുറം ഇന്ത്യന്‍ സൈന്യം നടപ്പിലാക്കിയിരിക്കുകയാണ്.

chandrika: