ദോഹ: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വരെ അല്ലെങ്കില്‍ ഒക്ടോബര്‍ 31 വരെ കരാര്‍ തുടരും. നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസിനുള്ള എയര്‍ ബബിള്‍ കരാര്‍ ഓഗസ്റ്റ് 18 മുതല്‍ക്കാണ് പ്രാബല്യത്തിലായത്. കരാര്‍ കാലാവധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് അടുത്ത മാസത്തേക്ക് കൂടി കരാര്‍ പുതുക്കിയത്. വന്ദേഭാരത് 6-ാംഘട്ടത്തിന് സെപ്റ്റംബര്‍ 1 മുതല്‍ക്കും തുടക്കമാകും.

ഖത്തറില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍, ഖത്തരി പാസ്‌പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വീസയുള്ള ഖത്തരി പൗരന്മാര്‍ എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി. ഖത്തരി പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും അനുമതിയുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഖത്തര്‍ പ്രവാസികള്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് മടങ്ങി എത്താന്‍ അനുമതി.

റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതോടെ എയര്‍ ബബിള്‍ സര്‍വീസ് മുഖേന ഇതിനകം ഇരുന്നൂറിലധികം ഖത്തര്‍ പ്രവാസികളാണ് കേരളത്തില്‍ നിന്നും ഖത്തറിലേയ്ക്ക് മടങ്ങിയെത്തിയത്. മടങ്ങി എത്തുന്നവര്‍ക്ക് 7 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായതിനാല്‍ ഹോട്ടല്‍ മുറി ലഭ്യത അനുസരിച്ചാണു പ്രവാസികളുടെ മടങ്ങി വരവ്. കരാര്‍ നീട്ടിയത് കൂടുതല്‍ പ്രവാസികളുടെ മടങ്ങി വരവിനു സഹായകമാകും.