X
    Categories: MoreViews

സെഞ്ച്വറിയുമായി കോഹ്ലി നയിച്ചു; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് പരമ്പര

അഞ്ചാം മത്സരത്തില്‍ സെഞ്ച്വറിയുമായി ക്യാപ്ടന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് പ്രകടനത്തിന്റെ മികവില്‍ ആതിഥേയരെ 205-ല്‍ തളച്ചു. 36.5 ഓവറില്‍ ശിഖര്‍ ധവാന്‍ (4), അജിങ്ക്യ രഹാനെ (39) എന്നിവരുടെ വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയും ചെയ്തു.

ചേസിങില്‍ ഏറ്റവുമധികം സെഞ്ച്വറി (18) എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ വിരാട് കോഹ്ലിയാണ് കളിയിലെ കേമന്‍. പരമ്പരയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച അജിങ്ക്യ രഹാനെ മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

മൂന്നാം വിക്കറ്റില്‍ കെയ്ല്‍ ഹോപ് 46), ഷേ ഹോപ് (51) സഹോദരന്മാര്‍ ചേര്‍ന്നു സൃഷ്ടിച്ച കൂട്ടുകെട്ട് വിന്‍ഡീസിന് മികച്ച ടോട്ടല്‍ നല്‍കുമെന്ന് തോന്നിച്ചെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഉമേഷ് യാദവും മുഹമ്മദ് ഷമിയും ഇരുവരെയും മടക്കി ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. നിര്‍ണായക ഘട്ടത്തില്‍ ക്യാപ്ടന്‍ ജേസണ്‍ ഹോള്‍ഡറിന്റെ (36) വിക്കറ്റ് നഷ്ടമായതും വിന്‍ഡീസിന് തിരിച്ചടിയായി. ഒരറ്റത്ത് പിടിച്ചുനിന്ന് പൊരുതിയ റോവ്മന്‍ പവലിന്റെ (31) ഇന്നിങ്‌സ് ആണ് അവരെ 200 കടത്തിയത്. മുഹമ്മദ് ഷമി 48 റണ്‍സിന് നാലും ഉമേഷ് 53 റണ്‍സിന് മൂന്നും വിക്കറ്റെടുത്തു.

മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് ധവാനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. അല്‍സാറി ജോസഫിന്റെ പന്തില്‍ ലൂയിസിന് ക്യാച്ച് നല്‍കിയായിരുന്നു ഓപണറുടെ മടക്കം. രണ്ടാം ഓവറില്‍ ഹോള്‍ഡറിന്റെ പന്തില്‍ രഹാനെ നല്‍കിയ അവസരം ദേവേന്ദ്ര ബിഷൂ കൈവിട്ടപ്പോള്‍ തുടക്കത്തില്‍ പിടിമുറുക്കാനുള്ള വിന്‍ഡീസ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. സമീപകാലത്ത് മോശം ഫോമിലായിരുന്ന കോഹ്‌ലി (111) ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്തതോടെ ആതിഥേയരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 115 പന്ത് നേരിട്ട കോഹ്ലി 12 ഫോറും ഒരു സിക്‌സറുമടിച്ച് പുറത്താകാതെ നിന്നു.

തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ അര്‍ധസെഞ്ച്വറി എന്ന റെക്കോര്‍ഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താനുള്ള രഹാനെയുടെ അവസരമാണ് രഹാനെക്ക് നഷ്ടമായത്. ബിഷുവിന്റെ പന്തില്‍ എല്‍ബിഡബ്യ്യു ആയിട്ടായിരുന്നു രഹാനെയുടെ മടക്കം. പിന്നീട് ദിനേഷ് കാര്‍ത്തിക് (50 നോട്ടൗട്ട്) കോഹ്ലിക്കൊപ്പം ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തിയാക്കി.

chandrika: