X

ഗാന്ധിജിയും നെഹ്‌റുവും ഇല്ലാത്ത ഇന്ത്യയോ

ടി.എ അഹ്മദ് കബീര്‍

ദേശീയതലത്തില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യം ഉരുത്തിരിയുന്നു എന്ന് തീര്‍ത്ത് പറയാനാവും. രാജ്യത്തിന്റെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജനകീയ ഉള്ളടക്കം അത് പ്രഘോഷിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ പ്രകാശിത പ്രഭാതവും പ്രഭാവിത പ്രദോഷവും പൗരാവകാശത്തിന്റെ മൗലികവും അനുപേക്ഷണീയവുമായ താല്‍പര്യമാണെന്ന് യുവ ഇന്ത്യ അര്‍ഥശങ്കക്കിടമേകാതെ പ്രഖ്യാപിക്കുന്നത് ഗുണപരമായ മാറ്റമാണ്. ഗാന്ധിജിയും നെഹ്‌റുവും തമസ്‌ക്കരിക്കപ്പെടുന്ന സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ അവിശുദ്ധവും അര്‍ഥശൂന്യവും വികലവുമാണെന്ന തിരിച്ചറിവിന്റെ ആരവം ഒരു പ്രസ്ഥാനമായി വളരുമെന്ന് കരുതണം.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന റാലികളിലെ ആവേശകരമായ ജനപങ്കാളിത്തം ഇന്ത്യയുടെ വീണ്ടെടുപ്പ് പ്രധാന പ്രമേയമായി ജനങ്ങള്‍ സ്വീകരിച്ചു എന്ന് പ്രകടമാക്കുന്നു. ഗാന്ധിജിയെയും നെഹ്‌റുവിനെയും അവഗണിക്കുന്നതിന്റെ പിന്നിലെ കുടിലരാഷ്ട്രീയം ജനങ്ങള്‍ക്ക് അസ്വീകര്യമാണെന്ന് വ്യക്തം. ബംഗളൂരുവില്‍ നടന്ന റാലിയുടെ ഗംഭീര വിജയം ആ സൂചനയാണ് നല്‍കുന്നത്. സമയോചിതമായി പരിപാടികള്‍ ആവിഷ്‌കരിച്ച് മുന്നേറിയാല്‍ ജനപിന്തുണ തിരിച്ച്പിടിക്കാനാവുമെന്ന സന്ദേശവും ഇതിലടങ്ങിയിരിക്കുന്നു.

രാഷ്ട്രനിര്‍മാണ രംഗത്ത് നവ്യവും സമാനതകളില്ലാത്തതുമായ ജനകീയ മാനദണ്ഡങ്ങള്‍, ഫലപ്രദമായി ആസൂത്രണ മികവോടെ രൂപകല്‍പന ചെയ്ത് നടപ്പിലാക്കിയ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുന്ന ആര്‍. എസ്.എസ്, ബി.ജെ.പി സര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര പരിസരം ജനങ്ങള്‍ കൂട്ടമായി അപലപിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വന്തം പരിപാടി മാത്രമല്ല ദേശീയ പ്രസ്ഥാനം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പരിപാടികള്‍ കൂടിയാണ് നെഹ്‌റു നടപ്പാക്കിയത്. പുതിയ മന്ത്രിസഭ ഒന്നിച്ച് നിന്ന് എടുത്ത തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നെഹ്‌റു പ്രാപ്തമായ നേതൃത്വം കൊടുത്തത് ഒരപരാധമായി ജനങ്ങള്‍ കാണുന്നില്ല എന്ന മുന്നറിയിപ്പ് നിസ്സാര കാര്യമല്ല. സഹപ്രവര്‍ത്തകരെ ചേര്‍ത്ത്‌നിര്‍ത്തി ഓരോ ചുവടുംവെച്ച നെഹ്‌റുവിന്റെ ജനായത്ത രീതിയോട് പൊരുതപ്പെടാത്തവരുടെ അസഹിഷ്ണുത നേരില്‍ കാണാന്‍ ഒരവസരം കൂടി ലഭിച്ചു എന്ന് പറയാം.

ദേശത്തിന്റെ പൊതുമണ്ഡലം മാറ്റം ആഗ്രഹിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. ആര്‍.എസ്.എസ് പക്ഷം പിടിക്കുന്ന ഒരു സ്ഥിരം നാടകവേദി ഒഴികെ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുയരുന്ന നാനാനാദങ്ങള്‍ പ്രത്യാശയും പ്രചോദനവും പകരാതിരിക്കില്ല. ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളോടും പരസ്യമായി വിസമ്മതം പ്രകടിപ്പിക്കുന്നവരുടെ എണ്ണം നാള്‍ക്ക്‌നാള്‍ പെരുകുകയാണ്. ഫെഡറല്‍ ഘടനയോട് കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന അനാദരവില്‍ സംസ്ഥാനങ്ങള്‍ പരസ്യമായും അല്ലാതെയും പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

വിവിധ മേഖളകളിലെ വിദഗ്ധര്‍ സര്‍ക്കാരിന്റെ പല നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ദോഷകരമായിരിക്കും എന്ന് ചൂണ്ടിക്കാണിക്കുന്നത് അവഗണിക്കാനാവില്ല. നോട്ട് നിരോധന തീരുമാനം അനാവശ്യമായിരുന്നു എന്നവര്‍ ആവര്‍ത്തിച്ച് പറയുന്നു. സംസ്ഥാനങ്ങളോട് ആലോചിക്കാതെ കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം അശാസ്ത്രീയവും യാഥാര്‍ഥ്യബോധം ഇല്ലാത്തതുമായിരുന്നു എന്ന് സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കപ്പെടുന്നു. കര്‍ഷക വിരുദ്ധ നയവും കശ്മീര്‍ നയവും അടക്കം ആഭ്യന്തര നയങ്ങള്‍ വെറുപ്പിന്റെ മാറാപ്പ് പേറുന്നു എന്നത് നിസ്തര്‍ക്കമാണ്. വെറുപ്പും വെറിയും ഭരിക്കുന്ന രോഗാതുരമായ മനോഘടനയില്‍നിന്ന് മുളക്കുന്ന അന്തസ്സാരശൂന്യവും, ചരിത്രപാഠങ്ങളുടെ നിരാസവുമായ നിലപാടുകള്‍ തൂത്തെറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന മഹാ ജനകീയ മുന്നേറ്റം ഈ സാഹചര്യത്തില്‍ ഉയര്‍ന്ന്‌വരാതിരിക്കില്ല.

ആകാര്‍ പട്ടേല്‍, അവായ് ശുക്ല, പ്രതാപ് ഭാനു മേത്ത, സജ്ഞയ ബാരു, നളിന്‍ മേത്ത, പ്രൊഫസര്‍ ജഫര്‍ലോത് ക്രിസ്റ്റഫര്‍, അരുണ്‍ മിശ്ര, ദേവനൂരു മഹാദേവ എന്നിവരുടെ രചനകളും സുപ്രീംകോടതിയില്‍ ജഡ്ജിമാരായിരുന്ന ദീപക് ഗുപ്ത, മദന്‍ ലോകൂര്‍, അല്ലഹബാദ് ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മഥൂര്‍, റിസര്‍വ് ബാങ്ക് മേധാവി ആയിരുന്ന രഘു റാം രാജന്‍, റോമിലാ ഥാപ്പര്‍, രാമചന്ദ്ര ഗുഹ, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പണിയുന്നതില്‍ മിടുക്കനായ പ്രശാന്ത് കിഷോര്‍ എന്നിവരുടെ നിലപാടുകളും പൊതുബോധം ഗുണപരമായി വളര്‍ത്താന്‍ സഹായിക്കാതിരിക്കില്ല.

ബീഹാറിലെ രാഷ്ട്രീയ മാറ്റം ഈ ചുറ്റുപാടില്‍ അപഗ്രഥിക്കേണ്ടിവരും. ഒറ്റനോട്ടത്തില്‍ അവസരവാദം ആരോപിക്കപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചികയുന്നവര്‍ക്ക് പ്രതീക്ഷയാണ് നല്‍കുന്നത്. എല്ലാം ശുഭമായിരിക്കും എന്ന് കരുതാതിരിക്കണമെന്ന് മാത്രം. പുതിയ ഭരണകൂടം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ആദ്യ പരിഗണന നല്‍കണം. ജനകീയ അടിത്തറ വിപുലീകരിക്കാന്‍ ശ്രദ്ധിക്കണം. സഖ്യ കക്ഷികളെ കൂടെനിര്‍ത്തണം. റാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗുമായി പുതിയ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനുള്ള നല്ല ബന്ധങ്ങള്‍ തുടരണം. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തില്‍ എടുക്കണം. സ്ത്രീ ശാക്തീകരണത്തിനും യുവ പങ്കാളിത്തം ഉറപ്പ്‌വരുത്താനും തുടര്‍ച്ചയായ നടപടികള്‍ ഉണ്ടാവണം. അങ്ങനെ നിരവധി കടമ്പകള്‍ കടക്കേണ്ട ഉത്തരവാദിത്തം വിസ്മരിക്കപ്പെടുകയില്ലെന്ന് നിതീഷ് കുമാറിന്റെയും തേജസ്വിയുടെയും ശൈലി വ്യക്തമാക്കുന്നു.

രാഷ്ട്രീയ ധ്രുവീകരണം സാധ്യമാണെന്ന് ബീഹാര്‍ പറയുന്നു എന്നതാണ് പ്രധാനം. ആ അര്‍ഥത്തില്‍ രാഷ്ട്രീയ ബന്ധങ്ങളിലും ശാക്തിക ചേരികളിലും മാറ്റം വരുത്താന്‍ യാഥാര്‍ഥ്യം അംഗീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നീക്കണമെന്ന് ബീഹാര്‍ ആഹ്വാനം ചെയ്യുന്നു, എന്ന് ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചത് ശരിയായ ദിശയിലെ ശരിയായ സൂചനയാണ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് പ്രതിപക്ഷ കക്ഷികള്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് ഇടം കൊടുക്കണെമെന്ന് കാലഘട്ടം ആവശ്യപ്പെടുന്നു. സംസ്ഥാന തലത്തില്‍ അവരുടെ മേല്‍ക്കൈക്ക് ക്ഷതം ഏല്‍ക്കാത്ത സാഹചര്യത്തില്‍ ഒന്നിച്ച് നില്‍ക്കാനും ഒന്നിപ്പിച്ച്‌നിര്‍ത്താനും പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട്‌വരേണ്ടത് കേവലമായ രാഷ്ട്രീയ ധാര്‍മികതയാണ്. ആ വഴിയില്‍ കാര്യങ്ങള്‍ ഏകോപിക്കുന്നതിനായി ഒരു നേതൃത്വം രൂപം കൊണ്ടാല്‍ നന്ന്.

web desk 3: