X

ഇന്ത്യന്‍ ആര്‍മി കീ ജയ്!-എഡിറ്റോറിയല്‍

‘ഇന്ത്യന്‍ ആര്‍മി കീജയ്’ (ഇന്ത്യന്‍ പട്ടാളം വിജയിക്കട്ടെ). പാലക്കാട് മലമ്പുഴയിലെ ചേറോട്മലയില്‍ നൂറോളം വരുന്ന സൈനികര്‍ ദേശസ്‌നേഹം തുളുമ്പുന്ന ഈ മുദ്രാവാക്യം മുഴക്കുമ്പോള്‍ കേരളം ഇന്നലെ ദീര്‍ഘശ്വാസം വലിക്കുകയായിരുന്നു. രണ്ടു രാത്രിയും രണ്ടു പകലുമായി മലമ്പുഴ ഡാമിന്റെ പരിസരത്തെ മലയില്‍ കുടുങ്ങിപ്പോയ ഇരുപത്തിമൂന്നുകാരന്‍ ഇന്ത്യന്‍ പട്ടാളത്തിലെ ധീരസേനാനികളുടെ കരങ്ങളാല്‍ താഴെയെത്തുമ്പോള്‍ 45 മണിക്കൂറായി കേരളം അടക്കിപ്പിടിച്ചുവെച്ച നിശ്വാസമായിരുന്നു അത്. ബാബുവിന് അത് രണ്ടാംജന്മത്തിന്റേതായിരുന്നു. ഉമ്മ റഷീദയും ഉറ്റബന്ധുക്കളും അവനോടൊപ്പം ആനന്ദക്കണ്ണീര്‍പൊഴിച്ചു. നീണ്ട മണിക്കൂറുകള്‍ ഭക്ഷണമോ ദാഹജലമോപോലുമില്ലാതെ മലയിടുക്കില്‍ ഏകാന്തനായി കഴിയുമ്പോഴും ആ ഉമ്മയും നാട്ടുകാരുമെല്ലാം കണ്ണീരിലായിരുന്നു. ബാബുവിന് ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിയണേ എന്നുമാത്രമായിരുന്നു അവരുടെയെല്ലാം ഒരേ സ്വരത്തിലുള്ള പ്രാര്‍ത്ഥന. സര്‍വശക്തന്‍ അത് കേട്ടു. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാട്ടിലെ വെല്ലിങ്ടണില്‍ നിന്നെത്തിയ ഇന്ത്യന്‍പട്ടാളത്തിലെ മദ്രാസ് റെജിമെന്റ് കോറിലെ ബാലയുടെ ബലിഷ്ടകരങ്ങളില്‍ ചെറുപ്പക്കാരന് ജീവന്‍ തിരിച്ചുകിട്ടിയതും. ശാരീരികമായി മാത്രമല്ല, മാനസികമായും ആരും ഏറെ തളരുമായിരുന്ന നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയും വര്‍ധിതവീര്യത്തോടെയും ബാബു മലയിറങ്ങുമ്പോള്‍ അതൊരു തേട്ടത്തിന്റെ ഫലമാകുകയായിരുന്നു. ഇതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണ് പിതാവ് മരണപ്പെട്ട ബാബുവും നിസ്വരായ മാതാവടങ്ങുന്ന കുടുംബവും മലയാളികളെല്ലാവരും.

തിങ്കളാഴ്ച രാവിലെ തെക്കേ മലമ്പുഴയിലെ ചേറോട്മലയിലേക്ക് ട്രക്കിങ്ങിനിറങ്ങിയ അഞ്ചു യുവാക്കളിലൊരാളായിരുന്നു ബാബു. ഉച്ചയോടെ തിരിച്ചിറങ്ങവെ മറ്റൊരുവഴിയിലൂടെ ഇറങ്ങാന്‍ ശ്രമിച്ചതാണ് ബാബുവിനെ മണിക്കൂറുകളുടെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടത്. കാല്‍വഴുതി 400 മീറ്ററോളം താഴ്ചയിലേക്ക് കുതിച്ച യുവാവിന്റെ ആയുസിന് ബലമുണ്ടെന്നതിന് തെളിവായിരുന്നു കേവലം ഒരാള്‍ക്ക് കഷ്ടി ഇരിക്കാന്‍മാത്രം സൗകര്യമുള്ള പാറയിടുക്കില്‍ ബാബു തങ്ങിനിന്നത്. മറ്റാരായാലും പതറിപ്പോകുന്ന അനുപമസന്ദര്‍ഭത്തില്‍ ബാബു പിടിച്ചുനിന്നത് എവിടെനിന്നോ കിട്ടിയിരുന്ന നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ്. താഴെയിറങ്ങിയ സുഹൃത്തുക്കളാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചതും അന്നുതന്നെ യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചതും. അഗ്നിശമനസേനാവിഭാഗം നടത്തിയ പരിശ്രമം ബാബു ഇരിക്കുന്ന അടുത്തെങ്ങുമെത്തില്ലെന്നായതോടെയാണ് ജില്ലാകലക്ടറുടെ ഇടപെടലിലേക്ക് കാര്യങ്ങളെത്തിച്ചത്. അവര്‍ നേവിയുടെ ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടെങ്കിലും എത്താന്‍ പിന്നെയും മണിക്കൂറുകളെടുത്തു. പിറ്റേന്നാണ് ഹെലികോപ്റ്ററെത്തുന്നത്. അതാകട്ടെ കാലാവസ്ഥയുടെ വിപരീതാവസ്ഥകാരണം തിരിച്ചുപോയി. അത്തരമൊരു സ്ഥലത്ത് ഹെലികോപ്റ്റര്‍ അടുപ്പിച്ചാല്‍ കാറ്റുകൊണ്ട് യുവാവ് വീണ്ടും താഴേക്ക് പതിക്കുമെന്നതും കാരണമായി. ഇതിനോടകം യുവാവ് ഭക്ഷണവും വെള്ളവുമില്ലാതെ ക്ഷീണിതനായി. കൊച്ചി, ബെംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് നേവിയുടെയും പട്ടാളത്തിന്റെയും ഭടന്മാരെ എത്തിക്കുകയായിരുന്നു പിന്നീടുള്ള ദൗത്യം. ഇതിനകം വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിലും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഔദ്യോഗികവൃത്തങ്ങളെ നിരന്തരം ജാഗ്രവത്താക്കിക്കൊണ്ടിരുന്നു. അതിന്റെ ഫലമാണ് ഇന്നലെ രാവിലെ തുടങ്ങിയ രക്ഷാദൗത്യം സൈനികന്‍ ബാലയുടെ കരങ്ങളിലൂടെ വിജയംകണ്ടത്. ഇതിനു തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ പട്ടാളത്തോടുതന്നെയാണ്. കമാന്‍ഡിങ്ഓഫീസര്‍ എ. അരുണുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും നന്ദിയര്‍ഹിക്കുന്നു. വലിയ പദ്ധതികളും ബഹിരാകാശ ഗവേഷണങ്ങളുമൊക്കെ പാഴാകുമ്പോഴും നാം സാധാരണ മനുഷ്യരുടെ രക്ഷക്ക് രാജ്യത്തിന്റെ ഔദ്യോഗിക വിഭാഗങ്ങള്‍ എത്തുന്നതും വിജയം കാണുന്നതും അഭിമാനാര്‍ഹംതന്നെ.

ഇതിനിടെ മുഖ്യമന്ത്രിയുടെ മാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്റ്ററും സംസ്ഥാനത്തെ ദുരന്തനിവാരണ സേനാസംവിധാനങ്ങളൊക്കെ ദയനീയമാംവിധം പരാജയപ്പെട്ടതിനെക്കുറിച്ചും ജനം ചിന്തിച്ചതില്‍ അത്ഭുതമില്ല. മഹാപ്രളയമടക്കം നിരവധി ദുരന്തമുഖങ്ങളില്‍ സംസ്ഥാന സംവിധാനങ്ങള്‍ പരാജയപ്പെട്ടപ്പോഴും അതിര്‍ത്തികാക്കുന്ന ധീരജവാന്മാരാണ് കേരളത്തിന്റെ രക്ഷക്കെത്തിയതെന്നതും ഇത്തരുണത്തില്‍ നന്ദിയോടെ സ്മരിച്ചേതീരൂ. എവിടെയാണ് കോടികള്‍ ചെലവഴിച്ചുള്ള സംസ്ഥാനത്തെ സംവിധാനങ്ങള്‍? ഒരു യുവാവിന് പട്ടാളക്കാരനെത്തുന്നതുവരെയും തുള്ളി ജലം പോലും കൊടുക്കാനാവാതിരുന്നതിന് ആരാണ് ഉത്തരം പറയേണ്ടത്? എല്ലാം കഴിഞ്ഞ് റവന്യൂ മന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം പരിഹാസ്യമായി. കാര്യമായ പരിക്കില്ലാതെ തിരിച്ചെത്തിയ യുവാവിനും കുടുംബത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കാനേ സാധാരണക്കാരന് കഴിയുന്നുള്ളൂ. ഇതിനിടെ ചിലരെങ്കിലും യുവാവിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാനും തിരുത്താനും ശ്രമിച്ചുകണ്ടു. യുവത്വം സാഹസികതയുടേതാണെന്നറിഞ്ഞ് അതിന് മാപ്പുനല്‍കുകയേ മുതിര്‍ന്നവര്‍ക്ക് കരണീയമുള്ളൂ. എങ്കിലും ഇത്തരം അനധികൃത ട്രക്കിങ്ങുകള്‍ ഒഴിവാക്കുക തന്നെയാണ് നല്ലത്. തൊഴിലില്ലാത്ത, സ്വന്തമായി വീടുപോലുമില്ലാത്ത അരോഗ്യദൃഢഗാത്രനായ ബാബുവിനും കുടുംബത്തിനും വേണ്ടതെല്ലാം ചെയ്തുകൊടുക്കാനാകട്ടെ ഇനിയുള്ള ശ്രമമെല്ലാം.

web desk 3: