11 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. നാവിക വിഭാഗം ഡയക്ടറേറ്റ് ജനറല്‍ ഡി.ജി.എസ് മാലിനി ശങ്കറാണ് ഇന്നലെ സൊമാലിയക്കാര്‍ കവര്‍ന്ന ഇന്ത്യയുടെ ചരക്കുകപ്പല്‍ ഇപ്പോള്‍ സൊമാലിയന്‍ തീരത്തേക്കടുക്കുകയാണെന്ന് അറിയിച്ചത്.

ഇന്ത്യന്‍ പതാക ഘടിപ്പിച്ച കപ്പല്‍ ദുബൈയില്‍ നിന്നും യമന്‍ ലക്ഷ്യമാക്കി നീങ്ങവെയാണ് സൊമാലിയക്കാര്‍ കവര്‍ന്നതെന്നറിയുന്നു. ആ സമയം കപ്പലില്‍ 11 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ചരക്കാണ് കവര്‍ച്ചക്കാരുടെ ലക്ഷ്യമെന്നും മറ്റ് ആവശ്യങ്ങളൊന്നും ഇതുവരെ കവര്‍ച്ചാസംഘം ഉന്നയിച്ചിട്ടില്ലെന്നും ശങ്കര്‍ പറഞ്ഞു. ചരക്കിനെക്കുറിച്ച് യാതൊന്നും അറിവായിട്ടില്ല. ഇന്ന്് വൈകുന്നേരത്തോടെ തീരത്തെത്തുമെന്ന് കരുതുന്ന കപ്പല്‍ ചരക്ക് നീക്കിയ ശേഷം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.