മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ സംബന്ധിച്ച് തികഞ്ഞ അനിശ്ചിതത്വനൊടുവില്‍ രാത്രി വൈകി പ്രഖ്യാപനം. രവിശാസ്ത്രിയാണ് പരിശീലകന്‍. സഹീര്‍ഖാന്‍ ബൗളിംഗ് കോച്ച്. വിദേശ പര്യടനങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് ഉപദേഷ്ടാവാകും. ക്യാപ്റ്റന്‍ വിരാത് കോലിയുമായി ചര്‍ച്ച നടത്തി കോച്ചിനെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി പറഞ്ഞപ്പോള്‍ ഇന്നലെ വൈകീട്ട് അപ്രതീക്ഷിത പ്രഖ്യാപനവും പിറകെ തിരുത്തലും വന്നു. രാത്രിയാണ് വീണ്ടും പ്രഖ്യാപനമുണ്ടായത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ടീം ഡയരക്ടര്‍ രവിശാസ്ത്രിയെ നിയമിച്ചതായി ചില കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ വന്നയുടന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ ഇത് നിഷേധിച്ചതായിരുന്നു ശ്രദ്ധേയം. പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അന്തിമ തീരുമാനം താമസിയാതെ ഉണ്ടാവുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കോച്ചിനെ തെരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപദേശക സമിതി യോഗം ചേര്‍ന്നിരുന്നു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയവരുമായി ഇവര്‍ കൂടികാഴ്ച്ച നടത്തിയെങ്കിലും തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്ന ധാരണയിലാണ് പിരിഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആസന്നമായ സാഹചര്യത്തില്‍ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് ഭരണസമിതി തലവനായ വിനോദ് റായ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശമാണ് രാത്രി വൈകി തീരുമാനമായത്. രവിശാസ്ത്രി, വീരേന്ദര്‍ സേവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രാജ്പുത് എന്നിവരുമായാണ് ഉപദേശക സമിതി അഭിമുഖം നടത്തിയത്.

ചൊവാഴ്ച്ച തന്നെ പുതിയ കോച്ചിനെ പ്രഖ്യാപിക്കണമെന്ന് വിനോദ് റായി പറഞ്ഞിരുന്നു. എന്നാല്‍ സൗരവ് ഗാംഗുലി റായിയുമായി സംസാരിച്ചു. എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമാവാം പ്രഖ്യാപനമെന്ന് താന്‍ പറഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടനില്‍ സമാപിച്ച ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെയുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവെച്ചതിന് ശേഷം ഇന്ത്യന്‍ ടീമിന് പരിശീലകനില്ല. വിന്‍ഡീസില്‍ അഞ്ച് ഏകദിനങ്ങളും ഒരു ടി-20 മല്‍സരവുമടങ്ങുന്ന പരമ്പര ഇന്ത്യ കളിച്ചത് ഹെഡ് കോച്ച് ഇല്ലാതെയായിരുന്നു. ഈ മാസാവസാനത്തില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ടി-20 മല്‍സരവും കളിക്കുന്നുണ്ട്. ഈ പരമ്പരക്ക് ശേഷം ഓസ്‌ട്രേലിയന്‍ ടീം ഏകദിന പരമ്പരക്കായി ഇന്ത്യയില്‍ വരുന്നുണ്ട്. അതിന് ശേഷം ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനവും നടത്തുന്നുണ്ട്.