X

നീതിയെ കൊന്ന അനീതി-എഡിറ്റോറിയല്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെയുള്ള മന:പൂര്‍വമായ നരഹത്യാ കേസ് റദ്ദാക്കിയ തിരുവനന്തപുരം അഡീ. സെഷന്‍സ് കോടതി വിധി നീതി കാംക്ഷിക്കുന്നവരെ ഏറെ നിരാശപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കാലമേറെ പുരോഗമിക്കുകയും സാമൂഹിക ബോധത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായെന്ന് അവകാശപ്പെടുമ്പോഴും നാട്ടില്‍ ഇന്നും കയ്യൂക്കുള്ളവന്‍തന്നെ കാര്യക്കാരന്‍. അധികാരത്തിന്റെ ഇടനാഴികള്‍ എത്രമാത്രം ഇരുള്‍മുറ്റിയതാണെന്നും അധോലോക ക്രിമിനലുകളുടെ ഒളിത്താവളങ്ങളായി അവ മാറുകയാണെന്നും തെളിയിക്കുന്നതാണ് കെ.എം ബഷീറിന്റെ മരണവും തുടര്‍ സംഭവവികാസങ്ങളും. പെണ്‍സുഹൃത്തിനോടൊപ്പം മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച ശ്രീറാംവങ്കിട്ടരാമന്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമാണ് അതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ അനവധിയുണ്ട്. പക്ഷേ, അധികാരവര്‍ഗത്തിന്റെ ഒത്തുകളിയില്‍ അതെല്ലാം അനായാസം മാഞ്ഞുപോയി. കേസിന്റെ സ്വഭാവവും വ്യാഖ്യാനവും പല വഴിക്ക് ചിതറിപ്പോയി. ഒടുവില്‍ കോടതിക്കുമുന്നില്‍ എത്തിയപ്പോള്‍ ശ്രീറാം വെങ്കിട്ടരാമനും സഹ കുറ്റവാളി വഫയും അനായാസം തടിയൂരിപ്പോന്നു.

സാധാരണ വാഹനാപകടം മാത്രമായി സംഭവം ഒതുങ്ങുകയാണ്. കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നടന്ന കരുനീക്കങ്ങളാണ് മൂന്ന് വര്‍ഷത്തിന്‌ശേഷം കോടതിയില്‍ വിജയിച്ചിരിക്കുന്നത്. പൊതുഖജനാവിലെ പണം തിന്ന് കൊഴുക്കുന്ന ഉദ്യോഗസ്ഥവര്‍ഗം വലിയൊരു അധോലോക ലോബിയായി വളര്‍ന്നതിന്റെ ബീഭത്സമുഖം കേരളീയര്‍ കണ്ടു. ഉദ്യോഗസ്ഥതലത്തിലും പൊലീസിലും ക്രിമിനലുകള്‍ വാഴുന്നുണ്ടെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ 1.45ന് ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നിമിഷം മുതല്‍ തുടങ്ങിയിരുന്നു കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍. വാഹനം ഓടിച്ച ആളെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും ഐ. എ.എസ് പട്ടം ചൂടിയ ആളാണെന്ന് അറിഞ്ഞതോടെ മട്ടും മാതിരിയും മാറി. ഉദ്യോഗസ്ഥ പ്രമാണിയെ രക്ഷിക്കാനായിരുന്നു തുടര്‍ന്നങ്ങോട്ട് പൊലീസിന്റെ ശ്രമം. വാഹനത്തിലുണ്ടായിരുന്ന ‘കൂട്ടുകാരി’യെ വീട്ടിലെത്തിച്ചു. ഐ.എ.എസിലും ഐ.പി.എസിലുമുള്ള സഹജീവികളൊക്കെയും സ്വന്തക്കാരനെ രക്ഷിക്കാന്‍ രംഗത്തിറങ്ങി. വിദഗ്ധമായി തെളിവുകള്‍ എങ്ങനെ നശിപ്പിക്കണമെന്ന് സിവില്‍ സര്‍വീസ് ബുദ്ധികള്‍ ഒന്നിച്ച് ആലോചിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയിലായിരുന്നുവെന്ന് സാക്ഷികള്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് ചെവി കൊണ്ടില്ല. രക്തപരിശോധന നടത്താതെ അയാളെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. വാഹനം ഓടിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീയാണെന്ന് സ്ഥാപിക്കാന്‍ പൊലീസ് കൂട്ടുനിന്നു. പരിശോധനയില്‍നിന്ന് രക്ഷപ്പെട്ട് സ്വകാര്യ ആശുപത്രിയിലെത്തിയ ശ്രീറാമില്‍നിന്ന് അടുത്ത ദിവസമാണ് രക്തസാമ്പിള്‍ എടുത്തത്. ആവശ്യമായതൊക്കെ ചെയ്തതിന്‌ശേഷം മണിക്കൂറുകള്‍ വൈകി നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ല. ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍ മൊഴി നല്‍കിയിട്ടുകൂടി കേസ് അട്ടിമറിക്കാന്‍ പൊലീസ് ഏറെ വൈദഗ്ധ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്.

ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍ കേസ് വാദിച്ചെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിടത്താണ് അട്ടിമറിയുടെ കുബുദ്ധി ഒളിഞ്ഞിരിക്കുന്നത്. പൊലീസിന്റെ ഒത്താശയോടെ കേസ് അട്ടിമറിച്ചതോടൊപ്പം സംഭവത്തിന്റെ ഗൗരവ സ്വഭാവം നഷ്ടപ്പെടുത്താനും ആസൂത്രിത ശ്രമങ്ങളുണ്ടായി. കവടിയാറിന് സമീപമുള്ള ഐ.എ.എസ് ക്ലബ്ബില്‍നിന്നും മദ്യപിച്ചിറങ്ങിയ ശ്രീറാമിനോടൊപ്പം വാഹനത്തില്‍ അന്യ സ്ത്രീയുണ്ടായിരുന്നുവെന്ന വസ്തുത ലാഘവത്തോടെ കാണാനാവില്ല. രാത്രി ഒരു സിവല്‍ സര്‍വീസ് ഉദ്യോഗസ്ഥനോടൊപ്പം എന്തിനാണ് അവര്‍ യാത്ര ചെയ്തതെന്നോ അവരുടെ പശ്ചാത്തലം എന്താണെന്നോ അന്വേഷണത്തിന്റെയും ചര്‍ച്ചയുടെയും പരിധിയില്‍ വരാത്തത് ദുരൂഹതയായി അവശേഷിക്കുന്നു.

ശ്രീറാമിനെ രക്ഷിക്കാനുള്ള ചരടുവലികള്‍ ഉദ്യോഗസ്ഥരിലും പൊലീസിലും മാത്രമായി ഒതുങ്ങുന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പല സന്ദര്‍ഭങ്ങളിലായി തനിനിറം പുറത്തുകാട്ടി. അടിമുടി കരിനിഴലില്‍ നില്‍ക്കുന്ന ശ്രീറാമിനെ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ആലപ്പുഴ കലക്ടറായി നയമിച്ചു. മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമനം റദ്ദാക്കിയത്. നരഹത്യാ കേസ് നിലവിലിരിക്കെയാണ് ശ്രീറാമിന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത തസ്തികകളില്‍ നിയമനം നല്‍കിയതെന്ന് അറിയുമ്പോള്‍ മനസിലാക്കാം സര്‍ക്കാറിന്റെ കപടമുഖം. ഭരണ സംവിധാനങ്ങളില്‍ ക്രിമിനലുകള്‍ വളര്‍ന്നുവരുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക ഭദ്രതയെ തകര്‍ക്കും. അധികാരത്തിന്റെ അമരത്തിരുന്ന് എന്തുമാകാമെന്ന മനോഭാവം ഉദ്യോഗസ്ഥ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

web desk 3: