X

അകത്തോ പുറത്തോ; അര്‍ജന്റീനയുടെ വിധി ഇന്നറിയാം

947 സ്‌റ്റേഡിയത്തില്‍ ഇന്ന് ഒരു ഇരിപ്പിടം പോലും ഒഴിവില്ല. എല്ലാ ടിക്കറ്റുകളും പൂര്‍ണമായും വിറ്റഴിഞ്ഞിരിക്കുന്നു. കാരണം കളിക്കുന്നത് അര്‍ജന്റീനയാണ്. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യയോട് അപ്രതീക്ഷിതമായി തോല്‍ക്കുകയും രണ്ടാം മല്‍സരത്തില്‍ രാജകീയമായി രണ്ട് ഗോളിന് മെക്‌സിക്കോയെ തോല്‍പ്പിക്കുകയും ചെയ്ത മെസി സംഘം. രണ്ട് മല്‍സരത്തിലും ഗോളുകള്‍ നേടി മെസി ഫോമില്‍ നില്‍ക്കുന്നതിനാല്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌ക്കിയുടെ പോളണ്ടിനെ ഇന്ന് ലാറ്റിനമേരിക്കക്കാര്‍ തോല്‍പ്പിക്കുമെന്നാണ് വിശ്വാസം. പോളണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമന്മാര്‍. അവര്‍ക്ക് നാല് പോയിന്റുണ്ട്. അര്‍ജന്റീനയോട് തോല്‍ക്കാതിരുന്നാല്‍ കടന്നു കയറാം. ആദ്യ മല്‍സരത്തില്‍ മെക്‌സിക്കോക്ക് മുന്നില്‍ പതറിയിരുന്നു പോളണ്ട്. പക്ഷേ അര്‍ജന്റീനയെ മറിച്ചിട്ട സഊദി അറേബ്യയെ അവര്‍ വ്യക്തമായി തന്നെ തോല്‍പ്പിച്ചു. അതാണ് ടീമിന്റെ ആത്മവിശ്വാസം.

സമീപകാല ഫുട്‌ബോളില്‍ തോല്‍വിയറിയാതെ മുന്നേറിയിരുന്നവരാണ് മെസി സംഘം. പക്ഷേ ഇവിടെ എത്തി ആദ്യ മല്‍സരത്തില്‍ തന്നെ സഊദിക്ക് മുന്നില്‍ പരാജയപ്പെട്ടതോടെ ടീമിന്റെ ആത്മവിശ്വാസം ചോര്‍ന്നു. എന്നാല്‍ ലുസൈലില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ മെസി സംഘം അപ്രമാദിത്വം ആവര്‍ത്തിച്ചത് പോളണ്ടിന് കാര്യങ്ങള്‍ ദുഷ്‌കരമാക്കുന്നുണ്ട്. മെസി സംഘത്തില്‍ ഇന്ന് മാറ്റമില്ലെന്ന് കോച്ച് ലയണല്‍ സ്‌കലോനി വ്യക്തമാക്കിയിട്ടുണ്ട്.

ലെവന്‍ഡോസ്‌കിയിലാണ് പോളണ്ടിന്റെ പ്രതീക്ഷ. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി അദ്ദേഹം ഗോള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നു എന്നതാണ് സവിശേഷത. ഏറ്റവും മികച്ച പ്രകടനം ടീം കാഴ്ച്ചവെക്കുമെന്നാണ് പോളിഷ് ക്യാപ്റ്റന്‍ ഇന്നലെ വ്യക്തമാക്കിയത്. മെസിയെ തടയുക എളുപ്പമല്ല. പക്ഷേ ലോകകപ്പില്‍ മുന്നേറാന്‍ അവരെ പിടിച്ചുകെട്ടേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

web desk 3: