X

ട്രംപിനെതിരായ അന്വേഷണങ്ങള്‍ക്ക് ലോസ് ആഞ്ചലസ് കൗണ്‍സിലിന്റെ സമ്പൂര്‍ണ പിന്തുണ

ലോസ് ആഞ്ചലസ്: ഇംപീച്ച്‌മെന്റടക്കമുള്ള നടപടികള്‍ കൈക്കൊള്ളാവുന്ന കുറ്റകൃത്യങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് അന്വേഷണവിധേയനാവണമെന്ന പ്രമേയത്തിന് ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സിലിന്റെ പരിപൂര്‍ണ പിന്തുണ. സിറ്റിയുടെ 2017-2018 നിയമകാര്യപദ്ധതികളിലുള്‍പ്പെടുത്തിയാണ് യു.എസ് ഭരണഘടനയുടെ വിദേശ വരുമാനത്തെ മോശമായി ബാധിക്കുന്ന നടപടികളോ കുറ്റകരമായ നിലപാടുകളോ ട്രംപിന്റെ പക്കല്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണത്തിന് തയാറായവണമെന്ന് പ്രമേയം പാസ്സാക്കിയത്.

കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളും പ്രമേയത്തിന് അനുകൂലമായാണ് നിലപാടെടുത്തത്.

വിപുലമായ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യവുമായി ഡൊണാള്‍ഡ് ട്രംപിനുള്ള ബന്ധത്തെപ്പറ്റി ട്രംപ് ഭരണത്തിലേറിയ സമയത്ത് ഏറെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നോ വിദേശീയരായ നേതാക്കളില്‍ നിന്നോ എന്തെങ്കിലും പ്രതിഫലമോ മറ്റോ സ്വീകരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ഭരണഘടന ചട്ടത്തിനെതിരാണ് ട്രംപിന്റെ അത്തരം ബന്ധങ്ങളെന്നായിരുന്നു വിമര്‍ശകരുടെ വാദം.

വിദേശ നിക്ഷേപങ്ങളടക്കമുള്ള വിഷയങ്ങളില്‍ ട്രംപിന്റെ കരങ്ങള്‍ ശുദ്ധമാണെന്ന് തുറന്നുകാട്ടാനുള്ള സന്നദ്ധത പ്രസിഡന്റ് പ്രകടിപ്പിക്കണം. അതിന് തയാറാകാത്ത പക്ഷം പ്രശ്‌നത്തില്‍ അന്വേഷണം നടത്താനുള്ള അധികാരം കോണ്‍ഗ്രസിന് ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആവശ്യം -പ്രമേയമവതരിപ്പിച്ച കൗണ്‍സിലംഗം ബോബ് ബ്ലൂമെന്‍ഫീല്‍ഡ് പറഞ്ഞു. ഈ പ്രമേയത്തില്‍ അനുകൂലമായ തീരുമാനം വരുന്നതോടെ ട്രംപിന്റെ അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങളെ സംബന്ധിച്ച അന്വേഷണമടക്കം രാഷ്ട്രത്തിന്റെ നന്മയാണ് സെനറ്റ് അംഗങ്ങള്‍ ആഗ്രഹിക്കുന്നത്. സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനല്ല, അമേരിക്കന്‍ ജനതയുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10-0 വോട്ടിനാണ് നിര്‍ണായകമായ പ്രമേയം പാസ്സായത്. ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സിലിലെ ഏക റിപ്പബ്ലിക്കന്‍ അംഗമായ മിഷേല്‍ എഗ്ലണ്ടര്‍ വോട്ടിനിട്ട സമയത്തുണ്ടായിരുന്നില്ല. എന്നാല്‍, പ്രമേയത്തിന് വോട്ട് ചെയ്യാതെ വിട്ടുനിന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ എഗ്ലണ്ടര്‍ തയാറായതുമില്ല.

വെസ്റ്റ് വാലി റെസിസ്റ്റന്‍സ് എന്ന പേരുള്ള സംഘടനയുടെ ഡസന്‍ കണക്കിന് ആളുകള്‍ വോട്ടിന് സാക്ഷികളായുണ്ടായിരുന്നു. കയ്യടികളോടെയാണ് അവര്‍ പ്രമേയം വോട്ടിനിട്ട് പാസ്സാക്കിയതിനെ എതിരേറ്റത്. ഇത്തരമൊരു പ്രമേയത്തിന് തന്നെ പ്രേരിപ്പിച്ച സംഘടനയെ പ്രശംസിക്കാനും ബ്ലൂമെന്‍ഫീല്‍ഡ് മറന്നില്ല.

നേരത്തെ, ജനുവരിയില്‍ വാഷിങ്ടണ്‍ ഡിസിയിലെ സിറ്റിസന്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എതിക്‌സ് ട്രംപ് അനധികൃത വരുമാനം നേടുന്നുവെന്ന് ആരോപിച്ച് ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഏതായാലും ട്രംപിന് അപ്രതീക്ഷിതമായ ഏറ്റ തിരിച്ചടിയായാണ് കൗണ്‍സിലിന്റെ നിലപാട് വിലയിരുത്തപ്പെടുന്നത്.

chandrika: