X
    Categories: Views

ഡല്‍ഹിക്ക് 7 റണ്‍സ് വിജയം; പൂനെയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടി

ഐപിഎല്‍ പത്താം സീസണിലെ പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടി. ഡല്‍ഹിക്കെതിരെ നടന്ന അവസാന മത്സരത്തില്‍ പൂനെ 7 റണ്‍സിനിപ്പുറം പരാജയം സമ്മതിച്ചു കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 168 റണ്‍സ് നേടിയിരുന്നു. 168 റണ്‍സ് ്അടിച്ചെടുക്കുമ്പോഴേക്കും 8 വിക്കറ്റ് നഷ്ടപ്പെടുത്തിയ ഡല്‍ഹി ഡയര്‍ഡെവിള്‍സിന് ഈ സ്‌കോറിലെത്താന്‍ സാധിച്ചത് കരുണ്‍ (45 പന്തില്‍ 64), പന്ത് (22 പന്തില്‍ 36), സാമുവല്‍സ് (21 പന്തില്‍ 27) എന്നിവരുടെ പ്രകടനങ്ങളായിരുന്നു.
പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ മികച്ച ഒരു വിജയം കൊതിച്ചിറങ്ങിയ പൂനെക്ക് പക്ഷേ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. തീപാറുന്ന പ്രകടനം കാഴ്ച വെച്ച മനോജ് തിവാരി വിജയപ്രതീക്ഷകള്‍ക്ക് ചൂട് പകര്‍ന്നെങ്കിലും ഡല്‍ഹി കീഴടക്കാന്‍ അത് മതിയായിരുന്നില്ല. അവസാനം വരെ പൊരുതി നിന്ന തിവാരി അവസാന പന്തില്‍ കുറ്റി തെറിച്ചു പുറത്താവുമ്പോള്‍ പൂനെ 7 റണ്‍സിന് ഡല്‍ഹിക്ക് പിറകില്‍ നില്‍ക്കുകയായിരുന്നു. 45 പന്തിലായിരുന്നു തിവാരി 60 റണ്‍സ് അടിച്ചെടുത്തത്. തിവാരിക്ക് പുറമെ 32 പന്തില്‍ 38 റണ്‍സ് നേടി നായകന്‍ സ്മിത്തും 25 പന്തില്‍ 33 റണ്‍സ് നേടി സ്്‌റ്റോക്‌സും തിളങ്ങിയെങ്കിലും ആളിപ്പടരും മുമ്പേ കൂടാരം കയറി. ബെസ്റ്റ് ഫിനിഷറെന്ന് പേരുകേട്ട എം.എസ് ധോനി ഇറങ്ങിയപ്പോള്‍ ഈ കളി ധോനി തന്റെ പേരിലാക്കും എന്ന് ചുരുക്കം ചില ആരാധകരെങ്കിലും കരുതിയിരിക്കണം. പക്ഷേ മുഹമ്മദ് സമിയുടെ ത്രോ ധോനിയുടെ റണ്‍ ഔട്ടില്‍ കലാശിച്ചു. അവസാന ഓവറില്‍ ആദ്യ രണ്ടു പന്തും ബൗണ്ടറിക്ക വെളിയിലേക്ക് പറത്തിയ തിവാരിക്ക് പിന്നീട് പിഴച്ചു. ഒരു ലെഗ് ബൈ ഫോറും ലഭിച്ചെങ്കിലും വിജയിക്കാന്‍ അത് മതിയാവുമായിരുന്നില്ല.

ഇതോടെ 13 കളികളില്‍ നിന്ന് 16 പോയന്റുമായി പുനെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഡല്‍ഹിക്കെതിരെ വിജയിക്കാനായാല്‍ കിട്ടുമായിരുന്ന പ്ലേ ഓഫ് സാധ്യതക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. പരാജയങ്ങള്‍ക്കിടയില്‍ പൂനെക്കെതിരായ വിജയം ഡല്‍ഹിക്ക് താല്‍ക്കാലികമായ ഒരാഹ്ലാദം പകരുന്നുവെന്നുറപ്പ്.

chandrika: