X

കണ്ണൂരില്‍ ഒരു വര്‍ഷം നടന്നത് ഒമ്പതു കൊലപാതകങ്ങള്‍; സമാധാനക്കരാര്‍ ലംഘിച്ചത് സിപിഎം

കണ്ണുര്‍: എല്ലാ സമാധാന ശ്രമങ്ങളും കണ്ണൂരില്‍ വീണ്ടും വിഫലം. മൂന്നു മാസത്തെ സമാധാന കാലത്തിനു ശേഷം സിപിഎമ്മാണ് കണ്ണൂരില്‍ വീണ്ടും ചോരച്ചാലിന് തുടക്കമിട്ടിരിക്കുന്നത്. 2016 മെയ് മാസം പിണറായിയിലെ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രനെ കൊലപ്പെടുത്തിക്കൊണ്ട് ബിജെപിയും ആര്‍എസ്എസും ആരംഭിച്ച പുതിയ കൊലപാതക പരമ്പരക്ക് മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് ജനുവരിയോടെ ശമനമുണ്ടാക്കിയിരുന്നു. പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തോടെ ജില്ല വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണ്.

കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നുകൊണ്ടിരിക്കെ അണ്ടല്ലൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷിനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് -ബിജെപി നേതാക്കളുമായി തിരുവനന്തപുരത്തെ മസ്‌ക്കത്ത് ഹോട്ടലില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത സമാധാന യോഗം വിളിച്ചുകൂട്ടുകയും ചെയ്തായിരുന്നു സമാധാനം പുനഃസ്ഥാപിച്ചത്. യോഗതീരുമാനത്തിന്റെ ഭാഗമായി സിപിഎം നേതാക്കള്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ്‌കുമാറിന്റെ വീട് സന്ദര്‍ശിക്കുക പോലും ചെയ്തിരുന്നു. അതോടെ കണ്ണൂരിനുണ്ടായ സമാധാന പ്രതീക്ഷയാണ് ബിജുവിന്റെ കൊലപാതകത്തോടെ തകര്‍ന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം പിണറായി വിജയന്റെ വിജയാഹ്ലാദ പ്രകടനത്തെ അക്രമിച്ച് സിവി രവീന്ദ്രനെ വധിച്ചുകൊണ്ടായിരുന്നു ബിജെപി ഒരു വര്‍ഷം മുമ്പ് പുതിയ കൊലപാതക പരമ്പരക്ക് തുടക്കമിട്ടത്. ബിജെപിയുടെ തന്ത്രം മനസ്സിലായതുകൊണ്ടാവാം രവീന്ദ്രന്റെ ചോരക്ക് പകരം ചോദിക്കാന്‍ സിപിഎം തയാറായില്ല. ഇതില്‍ നിരാശ പൂണ്ട ബിജെപി ജൂലൈ 11ന് രാത്രി പയ്യന്നൂരിനടുത്ത കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട ബിജു. ധന്‍രാജ് വധത്തോടെ നിലപാട് മാറ്റിയ സിപിഎം അതേ മണിക്കൂറില്‍ തന്നെ തിരിച്ചടിച്ചു. ബിഎംഎസ് പയ്യന്നൂര്‍ ഏരിയാ പ്രസിഡന്റായ രാമചന്ദ്രനെ വീട്ടില്‍ക്കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് ഇരു കൊലകള്‍ക്കും പകരം വീട്ടുകയായിരുന്നു.
പരമ്പര അവിടെ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തയാറായില്ല. അതിനിടെ ബിജെപി കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മാണവും തകൃതിയായി തുടര്‍ന്നു. അതിനിടയില്‍ ഓഗസ്റ്റ് 20ന് കൂത്തുപറമ്പിനടുത്ത കോട്ടയം പൊയിലില്‍ ബിജെപി പ്രവര്‍ത്തകന്‍ ദീക്ഷിത് സ്വന്തം വീട്ടില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പ്രതികാരം ആരംഭിച്ച സിപിഎം പയ്യന്നൂരിലെ രാമചന്ദ്രന്റെ ചോര കൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല. മുഴക്കുന്നില്‍ ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിന്റെ മറപിടിച്ച് സെപ്തംബര്‍ നാലിന് തില്ലങ്കേരിയിലെ ബിജെപി പ്രവര്‍ത്തകന്‍ വിനീഷിനെ പൈശാചികമായി വെട്ടിനുറുക്കി കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി മോഹനനെ വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊന്നത്. മോഹനന്റെ കൊലക്ക് 48 മണിക്കൂറിനകം സിപിഎം നല്‍കിയ മറുപടിയാണ് പിണറായി കൊല്ലനാണ്ടിയിലെ രമിത്ത്. തുടര്‍ന്ന് ജനുവരി 18ന് രാത്രി അണ്ടല്ലൂരിലെ എഴുത്താന്റവിട സന്തോഷ്‌കുമാറിനെ സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം രാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്നു. അതോടെ കൊലപാതക പരമ്പര സമനിലയിലെത്തിച്ച സിപിഎം ഇന്നലെ ആരംഭിച്ചത് മറ്റൊരു പരമ്പരക്കായിരിക്കുമെന്ന ആശങ്ക വ്യാപകമാണ്. പതിവുപോലെ സിപിഎം ബിജുവിന്റെ കൊലയുടെ ഉത്തരവാദിത്തവും നിഷേധിച്ചിട്ടുണ്ടെങ്കിലും ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയായ ബിജുവിന് പാര്‍ട്ടി കോടതി നല്‍കിയ വധശിക്ഷയായാണ് ഈ കൊലപാതകം വായിക്കപ്പെടുന്നത്.

chandrika: