X

ഇന്ന് ഡല്‍ഹിയും ബെംഗളുരുവും നേര്‍ക്കുനേര്‍

ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിരാത് കോലിയുടെ ബെംഗളുരു നേരിടുന്നത് സാക്ഷല്‍ ദാദ ബാറ്റിംഗ് ഉപദേഷ്ടാവായുളള ഡല്‍ഹി ക്യാപിറ്റല്‍സിനെ. ദാദക്കൊപ്പം റിക്കി പോണ്ടിംഗ് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ കരുത്തരായി നില്‍ക്കുമ്പോഴും ഇത് വരെ പ്രീമിയര്‍ ലീഗില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ ഡല്‍ഹിക്കായിട്ടില്ല. ആദ്യ മല്‍സരത്തിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം തപ്പിതടയുകയാണ് ബെംഗളുരു സംഘവും. വൈകീട്ട് 3-30ന് ചിന്നസ്വാമിയില്‍ നടക്കുന്ന മല്‍സരത്തില്‍ വിജയം ഇരുകൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. തോല്‍വികളാണ് സമ്പാദ്യമെങ്കിലും ഒരു ജയത്തോടെ കാര്യങ്ങള്‍ മാറുമെന്ന പക്ഷക്കാരനാണ് പോണ്ടിംഗ്. ഇന്ന് ആ ദിവസമായി മാറുമെന്നാണ് അദ്ദേഹം കരുതുന്നത്. ഡല്‍ഹിക്ക് പ്രശ്‌നം ബാറ്റിംഗാണ്. നായകന്‍ ഡേവിഡ് വാര്‍ണര്‍ ഒഴികെ ആരും വലിയ സ്‌ക്കോര്‍ നേടുന്നില്ല. ബെംഗളുരു സംഘത്തിലാവട്ടെ കോലിയെ കൂടാതെ ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങി വമ്പന്മാരുണ്ട്.

ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ലക്‌നൗവിലാണ് ഈ മല്‍സരം. അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയെങ്കിലും ലക്‌നൗ നായകന്‍ കെ.എല്‍ രാഹുല്‍ മന്ദഗതിയിലെ ബാറ്റിംഗിന് പ്രതിക്കൂട്ടിലാണ്. മാര്‍ക്കസ് സ്‌റ്റോനിസ്, നിക്കോളാസ് പുരാന്‍, ബദോനി തുടങ്ങിയ മധ്യനിരക്കാരാണ് ടീമിന്റെ ശക്തി. പഞ്ചാബിന്റെ ബാറ്റിംഗ് ഹിറോ പക്ഷേ നായകന്‍ ശിഖര്‍ ധവാനാണ്. നാല് മല്‍സരങ്ങളില്‍ നിന്നായി 233 റണ്‍സില്‍ പര്‍പ്പിള്‍ ക്യാപ്പുമായി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനാണ് ധവാന്‍. സണ്‍റൈസേഴ്‌സിനെതിരായ മല്‍സരത്തില്‍ 66 പന്തില്‍ നിന്ന് പുറത്താവാതെ 99 ലെത്തിയിരുന്നു ധവാന്‍.

webdesk11: