X

ഖാംനഇക്കെതിരെ യു.എസ് ഉപരോധം


വാഷിങ്ടണ്‍: ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇക്കെതിരെ അമേരിക്കന്‍ സാമ്പത്തിക ഉപരോധം. ഖാംനഇയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ ബന്ധങ്ങളില്‍നിന്ന് വിലക്കിക്കൊണ്ടുള്ള യു.എസ് ഉപരോധത്തെ ഇറാന്‍ ശക്തമായി തള്ളിക്കളഞ്ഞു.
നയതന്ത്ര പരിഹാരത്തിനുള്ള വാതിലുകളാണ് അമേരിക്ക ഇതിലൂടെ അടച്ചിരിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. വൈറ്റ് ഹൗസിലുള്ളത് മന്ദ ബുദ്ധികളാണന്ന് അദ്ദേഹം പരിഹസിച്ചു.
ഖാംനഇക്കെതിരെയുള്ള ഉപരോധം വിജയിക്കില്ല. കാരണം അദ്ദേഹത്തിന് വിദേശത്ത് സ്വത്തില്ല. ഇറാന്റെ നയതന്ത്രപരമായ ക്ഷമ ഭയമായി തെറ്റിദ്ധരിക്കരുതെന്നും റൂഹാനി ഓര്‍മിപ്പിച്ചു.
ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫിനെതിരെയും ഉപരോധമേര്‍പ്പെടുത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായി ഉപാധികളില്ലാതെ ചര്‍ച്ചക്ക് ഒരുക്കമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചിരുന്നു.
ഉപരോധങ്ങളിലൂടെ സമ്മര്‍ദ്ദത്തിലാക്കി ഇറാനെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു.
അതേസമയം ചാരവൃത്തി ആരോപിച്ച് 16 മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇറാന്‍ അറസ്റ്റ് ചെയ്തു. എണ്ണ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായത്. ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് ചാരവൃത്തി നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാനിലും വിദേശത്തുമായി ജോലി ചെയ്തവരാണിവര്‍. രാജ്യത്തിന്റെ ഊര്‍ജ നയം പൊളിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. അമേരിക്കക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് ഇറാന്‍ ആരോപിക്കുന്നു. ഇറാനെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യ നീക്കം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. ഞായറാഴ്ച ഇറാനിലെ പല മേഖലകളിലും റെയ്ഡ് നടന്നിരുന്നു. പെട്രോളിയം മന്ത്രാലയത്തില്‍ മാനേജര്‍ പദവിയിലുള്ളവരാണ് അറസ്റ്റിലായത്. ഇറാനില്‍ ചാരവൃത്തിക്ക് വധശിക്ഷയാണ് നല്‍കുന്നത്.
കഴിഞ്ഞയാഴ്ച പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു.

web desk 1: