X
    Categories: CultureNewsViews

ബിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; അറബ് ലോകം വീണ്ടും യുദ്ധഭീതിയില്‍

തെഹ്‌റാന്‍/ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ ഭീതി വര്‍ധിപ്പിച്ച് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് കപ്പല്‍ പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. രാജ്യാന്തര നാവിക നിയമങ്ങള്‍ ലംഘിച്ചതിനെതുടര്‍ന്നാണ് ഹോര്‍മുസ് കടലിടുക്കില്‍നിന്ന് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. അതേസമയം അപകടത്തിന്റെ വഴിയിലൂടെയാണ് ഇറാന്‍ സഞ്ചരിക്കുന്നതെന്ന മുന്നറിയിപ്പുമായി ബ്രിട്ടന്‍ രംഗത്തെത്തി. കപ്പല്‍ ഹോര്‍മുസ്ഗാന്‍ പോര്‍ട്‌സ് ആന്റ് മാരിടൈം ഓര്‍ഗനൈസേഷന് കൈമാറിയതായും മാരിടൈം ചട്ട ലംഘനം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടതായും ഇറാന്‍ വ്യക്തമാക്കി. ഇതിനിടെ കപ്പലില്‍ 18 ഇന്ത്യക്കാര്‍ ഉള്ളതായി വിവരം പുറത്തുവന്നു. ഇവരെ വിട്ടുകിട്ടുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചതായാണ് വിവരം. കപ്പല്‍ ജീവനക്കാരായ 18 ഇന്ത്യക്കാരെ വിട്ടയക്കണമെന്ന് ഇറാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 23 ജീവനക്കാരാണ് കപ്പലില്‍ ആകെയുള്ളത്. റഷ്യ, ലാത്വിയ, ഫിലീപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സ്റ്റെനാ ഇംപെറോ എന്ന കപ്പലിലുള്ള മറ്റു ജീവനക്കാര്‍. കപ്പല്‍ പിടിച്ചെടുക്കുന്നതിന് മുമ്പ് ഇറാന്‍ മത്സ്യബന്ധന ബോട്ടുമായി എണ്ണക്കപ്പല്‍ കൂട്ടിയിടിച്ചതായി ഇറാന്‍ ആരോപിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സംഘര്‍ഷം എണ്ണക്കപ്പല്‍ പിടിച്ചെടുത്തതോടെ കൂടുതല്‍ മൂര്‍ച്ഛിച്ചു. ജീവനക്കാരില്‍ ആര്‍ക്കും പരിക്കില്ല. കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്ന് ഉടമകളായ സ്റ്റെനാ ബള്‍ക്ക് അറിയിച്ചു. ഒരു ഹെലികോപ്ടറും അജ്ഞാത ബോട്ടുകളും കപ്പലിന് സമീപമെത്തിയ ശേഷമാണ് കപ്പല്‍ ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് കമ്പനി പറഞ്ഞു. രാജ്യാന്തര സമുദ്രനിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മേഖലയില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമുണ്ടാകണമെന്നും ബ്രിട്ടന്‍ പറഞ്ഞു. അമേരിക്കയുടെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് പോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയിരുന്നു. 30 ദിവസം കൂടി ഈ കപ്പല്‍ കസ്റ്റഡിയില്‍ വെക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഓരോ ദിവസം കഴിയുമ്പോഴും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മുറുകിക്കൊണ്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുകയായിരുന്ന അമേരിക്കന്‍ യുദ്ധക്കപ്പലിന് ഭീഷണി ഉയര്‍ത്തിയ ഇറാന്റെ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയിട്ടുണ്ട്. വിമാനം നഷ്ടപ്പെട്ടതായി വിശ്വസനീയ വിവരം ലഭിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അറിയിച്ചു. ഡ്രോണ്‍ വിമാനം വീഴ്ത്തിയെന്ന ട്രംപിന്റെ വാദം അടിസ്ഥാനരഹിതവും ഭാവനാസൃഷ്ടിയുമാണെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബോല്‍ഫസ് ഷെകര്‍ച്ചി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: