X

ഇറാന്‍ അനുകൂല സഖ്യവുമായി സദ്ര്‍ കൈകോര്‍ക്കുന്നു

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ശിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വിജയത്തിലേക്ക്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഹാദി അല്‍ അമിരിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ അനുകൂല രാഷ്ട്രീയ സഖ്യമായി സഹകരിച്ച് സര്‍ക്കാറുണ്ടാക്കാന്‍ സദ്ര്‍ തീരുമാനിച്ചു.

സൈദ്ധാന്തിക ഭിന്നതകള്‍ മാറ്റിവെച്ച് പുതിയ സഖ്യം സര്‍ക്കാറുണ്ടാക്കുമെന്ന് അമിരിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സദ്ര്‍ പറഞ്ഞു. തൂക്കു പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സദ്‌റിന്റെ സഖ്യത്തിനാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇറാഖിലെ ഇറാന്‍ ഇടപെടലില്‍ കടുത്ത വിയോജിപ്പുള്ള സദ്‌റിന്റെ പുതിയ നീക്കം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

329 അംഗ പാര്‍ലമെന്റില്‍ സദ്‌റിന്റെ സൈറൂന്‍ സഖ്യത്തിന് 54 സീറ്റുകളുണ്ട്. പക്ഷെ, ഒറ്റക്ക് സര്‍ക്കാറുണ്ടാക്കാനാവശ്യമായ ഭൂരിപക്ഷമില്ല. 47 സീറ്റുകളുമായി അമിരിയുടെ ഫതഹ് സഖ്യമാണ് രണ്ടാം സ്ഥാനത്ത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നസ്ര്‍ സഖ്യം മൂന്നാം സ്ഥാനത്താണ്. സദ്‌റും അമിരിയും ഇറാഖിലെ പ്രമുഖരായ ഷിയാ നേതാക്കളാണ്. അമേരിക്കന്‍ അധിനിവേശത്തിനെതിരായ സായുധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ സദ്ര്‍ ഇറാനുമായി ബന്ധമുള്ള ഷിയാ പാര്‍ട്ടികളുടെ ശക്തനായ പ്രതിയോഗിയാണ്. സദ്‌റില്‍നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് അമിരി. ഒഴുക്കോടെ പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന അദ്ദേഹം ഇറാഖില്‍ ഇറാന്റെ ഉറ്റ സുഹൃത്താണ്.

മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകാലത്ത് രണ്ട് വര്‍ഷം ഇറാനില്‍ പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്. വ്യാപക ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വോട്ടുകള്‍ രണ്ടാമത് എണ്ണണമെന്ന ആവശ്യം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കെയാണ് സദ്ര്‍ സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടുപോകുന്നത്.

chandrika: