അഹമ്മദാബാദ്: ഒടുവില്‍ ഇര്‍ഫാന്‍ പത്താന്റെ ആരാധകര്‍ കാത്തിരുന്ന വാര്‍ത്തക്ക് സ്ഥിരീകരണം. ഐപിഎല്‍ കളിക്കാന്‍ ഇര്‍ഫി വരുന്നു. പരിക്കേറ്റ ഗുജറാത്ത് ലയണ്‍സിന്റെ വിന്‍ഡീസ് താരം ഡ്വയ്ന്‍ ബ്രാവോയ്ക്ക് പകരമായാണ് ഇര്‍ഫാന്‍ സുരേഷ് റെയ്‌നയുടെ ടീമില്‍ ജഴ്‌സി അണിയുന്നത്. ഐപിഎല്ലില്‍ നിലവില്‍ ഏറ്റവും പിന്നിലാണ് ഗുജറാത്ത് ലയണ്‍സിന്റെ സ്ഥാനം. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും അഞ്ച് തോല്‍വിയുമാണ് ഗുജറാത്ത് ഇതുവരെ സ്വന്തമാക്കിയത്. നേരത്തെ ഐപിഎല്‍ താരലേലത്തില്‍ 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായ ഇര്‍ഫാന്‍ പത്താനെ സ്വന്തമാക്കാന്‍ ഒരു ഫ്രഞ്ചസികളും തയ്യാറായിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് ഐപിഎല്ലില്‍ ഇര്‍ഫാന് തിരിച്ചടി നേരിട്ടത്. പിന്നീട് നടന്ന വിജയ് ഹാസര ട്രോഫിയില്‍ ബറോഡ നായകനായിരുന്ന ഇര്‍ഫാന്‍ ടീമിനെ സെമിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്കാണ് വഹിച്ചത്. ഐപിഎല്ലില്‍ 102 മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുളള ഇര്‍ഫാന്‍ 21.87 ശരാശരിയില്‍ 1137 റണ്‍സും 100 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് തുടങ്ങിയ ടീമുകളില്‍ ഇര്‍ഫാന്‍ കളിച്ചിട്ടുണ്ട്. 2007ലെ ഐ.സി.സി ടി20 കിരീടം നേടിയ എം.എസ് ധോണിയുടെ യങ് ബ്രിഗേഡില്‍ പ്രധാനിയായിരുന്നു ഇര്‍ഫാന്‍ പത്താന്‍. 2012ലാണ് ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യക്കായി അവസാന ടി20യും ഏകദിനവും കളിച്ചത്. തന്റെ അവസാന ഏകദിന പരമ്പരയില്‍ ശ്രീലങ്കക്കെതിരെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും ഇര്‍ഫാന്‍ പിന്നീട് ടീമില്‍ തിരിച്ചെത്തിയില്ല.