X
    Categories: CultureNewsViews

താനൂരില്‍ ഇസ്ഹാഖിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തത് സി.പി.എം ജില്ലാ നേതാവിന്റെ വീടിന്റെ പരിസരത്ത് നിന്ന്

താനൂര്‍: അഞ്ചുടിയിലെ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിനെ വെട്ടിക്കൊന്ന കേസില്‍ കൊല്ലാന്‍ ഉപയോഗിച്ച വാള്‍ കണ്ടെടുത്തത് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ താനൂര്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ഇ ജയന്റെ വീട് പരിസരത്തു നിന്നും.
ഇന്നലെ രാവിലെ ഏഴരയോടെയാണ് താനൂര്‍ സി.ഐ ജസ്റ്റിന്‍ ജോണിന്റെയും എസ്.ഐ നവീനിന്റെയും നേതൃത്വത്തില്‍ പ്രതികളെ കുണ്ടുങ്ങലില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നത്. കേസിലെ ഒന്നാംപ്രതി കെ.പി മുഹീസാണ് സി.പി.എം നേതാവിന്റെ വീട് പരിസരത്തെ ഒഴിഞ്ഞ പറമ്പിലെ പൊന്തക്കാട്ടില്‍ കൊല്ലാന്‍ ഉപയോഗിച്ച വാള്‍ ഉപേക്ഷിച്ചതായി പൊലീസിന് കാണിച്ചു കൊടുത്തത്. സംഭവം അറിഞ്ഞു നിരവധിപേരാണ് അവിടെ തടിച്ചു കൂടിയത്. സി.പി.എം നേതാക്കള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. അഞ്ചുടി പള്ളിക്ക് സമീപം വെച്ച് ഇസ്ഹാഖിനെ വെട്ടിക്കൊന്ന ശേഷം പ്രതികള്‍ കനോലി കനാലിന് കുറുകെയുള്ള മുളകൊണ്ടുണ്ടാക്കിയ പാലം കടന്ന് കുണ്ടുങ്ങല്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതാകുമെന്ന് കരുതുന്നു.
ഇവിടെ നിന്നും പ്രതികള്‍ക്ക് നേരെ സി.പി.എം നേതാവിന്റെ വീട് പരിസരത്ത് എത്താന്‍ കഴിയും. ഇവിടെ നിന്നായിരിക്കും പ്രതികള്‍ അന്നത്തെ രാത്രി ഒളിസങ്കേതത്തിലേക്ക് പോയിട്ടുണ്ടാവുക. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ വീട് പരിസരത്ത് നിന്നും വാള്‍ കണ്ടെടുത്തത് ഞെട്ടലോടെയാണ് താനൂരുകാര്‍ കേട്ടത്. സി.പി.എം നേതാവ് പ്രതികള്‍ക്ക് സംരക്ഷണം നല്‍കി എന്ന ആരോപണം ശക്തമായിട്ടുണ്ട്. പി ജയരാജന്‍ അഞ്ചുടിയില്‍ സന്ദര്‍ശിച്ചപ്പോള്‍ കൂടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമുണ്ടായിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ഇരു നേതാകളോടൊപ്പമുള്ള സെല്‍ഫി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: