X

ഇസ്ഹാഖ് വധം സി.ബി.ഐ അന്വേഷിക്കണം: കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖിനെ ദാരുണമായി വധിച്ച സംഭവത്തില്‍ സി.ബി. ഐ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഇസ്ഹാഖ് വധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പ്രതികള്‍ സി.പി.എം ഗുണ്ടകളാണെന്ന് വ്യക്തമാണ്.
ഇതിന്റെ ഗൂഢാലോചന സി.ബി.ഐ അന്വേഷണത്തിനു മാത്രമേ പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഗുണ്ടാവിളയാട്ടം നടക്കുന്നത് സ്വാഭാവികമാണ്.


മട്ടന്നൂരിലെ ശുഹൈബിനെയും പെരിയയിലെ ഇരട്ടകൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റേയും കൊലപാതകങ്ങളില്‍ പ്രതികളായവരെ സഹായിക്കാനും പൊലീസ് വഴിവിട്ട് ശ്രമിച്ചിട്ടുണ്ട്. ഈ കൊലപാതകത്തിലും ഇത്തരത്തിലുള്ള സഹായം ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പാണ്.
സി.പി.എം ഉന്നത നേതാക്കന്മാര്‍ ഗൂഢാലോചന നടത്തിയുള്ള ആസൂത്രിത കൊലപാതകങ്ങളാണ് ഇതെല്ലാം. ഇസ്ഹാഖ് വധത്തിനു മുന്‍പ് സി.പി.എം നേതാവ് ഇ.പി ജയരാജന്‍ ഈ പ്രദേശത്ത് ക്യാമ്പ് ചെയ്തത് കൊലപാതകത്തിന് സഹായം നല്‍കാന്‍ ആണെന്ന് വ്യക്തമാണ്. രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതിനുള്ള ഗൂഢാലോചന നടത്താന്‍ സി.പി. എം പ്രത്യേകം നിയോഗിക്കപ്പെട്ട നേതാവാണ് ജയരാജന്‍.
ഈ കൊലപാതകങ്ങളില്‍ കേരള പൊലീസിന്റെ അന്വേഷണം ഒരിക്കലും നീതിപൂര്‍വം ആയിരിക്കില്ലെന്ന് വ്യക്തമാണ്. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.


കൊലയാളികളായ പാര്‍ട്ടി സഖാക്കളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഓരോ കൊലപാതകം കഴിയുമ്പോഴും ഇനി കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് സി.പി.എം പാര്‍ട്ടി സെക്രട്ടറിയുടെ ഉറപ്പ് വെറുംവാക്ക് ആണെന്നും അത് അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
പിണറായി മുഖ്യമന്ത്രിയായി വന്നതിനു ശേഷം കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സി.പി.എം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്ന പിണറായി മൗനം പാലിക്കുന്നത് കൊലപാതകികള്‍ക്ക് എന്തും ചെയ്യാനുള്ള മൗനാനുവാദം ആണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

web desk 3: