X

ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ : ഗുജറാത്ത് മുന്‍ ഡി.ജി.പി പി.പി പാണ്ഡെയെ സി.ബി.ഐ കോടതി വെറുതെവിട്ടു

അഹമ്മദാബാദ്: ഇഷ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പി പി.പി പാണ്ഡെയെ അഹമ്മദാബാദിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി.പി പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് പ്രത്യേക കോടതി ജഡ്ജി ജെ.കെ പാണ്ഡെയുടെ ഉത്തരവ്. ഗുജറാത്ത് പൊലീസിലെയും രഹസ്യാന്വേഷണ വിഭാഗത്തിലേയും നിരവധി ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ കുറ്റവിമുക്കനാക്കപ്പെടുന്ന ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥനാണ് പാണ്ഡെ.

2004 ജൂണ്‍ 15നാണ് അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് 19കാരി ഇഷ്‌റത് ജഹാന്‍, മലയാളിയായ സുഹൃത്ത് ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ളൈ, സീഷാന്‍ ജോഹര്‍, അംജദ് റാണ എന്നിവരുടെ മൃതദേഹങ്ങള്‍ വെടിയേറ്റു മരിച്ചു നിലയില്‍ ഗുജറാത്ത് പൊലീസ് പ്രദര്‍ശിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ അവകാശവാദം. എന്നാല്‍ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പിന്നീട് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ പുറത്തുവന്നു. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറി. 2013ല്‍ പി.പി പാണ്ഡെ, ഡി.ജി വന്‍സാര, ജി.എല്‍ സിംഗാള്‍ തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

ഇഷറത് കേസില്‍ തന്റെ പങ്ക് സ്ഥാപിക്കാന്‍ തെളിവുകളൊന്നുമില്ലെന്ന പാണ്ഡെയുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ കോടതി അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. കേസിലെ സാക്ഷികള്‍ ഓരോ അന്വേഷണ ഏജന്‍സികള്‍ക്കും നല്‍കിയ മൊഴി വ്യത്യസ്തമാണെന്നും അതുകൊണ്ടുതന്നെ ഇവ വിശ്വാസത്തില്‍ എടുക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

1980 ബാച്ച് ഐ.പി.എസ് ഓഫീസറായ പി.പി പാണ്ഡെയെ ഇഷ്‌റത് കേസുമായി ബന്ധപ്പെട്ട് 2013 ജൂലൈയില്‍ അറസ്റ്റു ചെയ്തിരുന്നു. 19 മാസം ജയിലില്‍ കഴിഞ്ഞ അദ്ദേഹം 2015 ഫെബ്രുവരിയില്‍ ജാമ്യത്തില്‍ ഇറങ്ങി. തൊട്ടു പിന്നാലെ സര്‍വീസില്‍ തിരികെ പ്രവേശിച്ച പാണ്ഡെയെ ഡി.ജി.പി റാങ്കിലേക്ക് ഉയര്‍ത്തി ഗുജറാത്ത് സര്‍ക്കാര്‍ കൂറു കാട്ടി. ഔദ്യോഗികമായി സര്‍വീസില്‍നിന്ന് വിരമിച്ച ശേഷവും സേവന കാലാവധി നീട്ടി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിച്ചു. ഇതിനെതിരെ ഹൈക്കോടതി മുമ്പാകെ സ്വകാര്യ അന്യായം ഫയല്‍ ചെയ്തതോടെയാണ് പാണ്ഡെയുടെ സര്‍വീസ് എക്‌സ്റ്റന്‍ഷന്‍ ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിച്ചത്.

chandrika: