X

നിസ്‌കരിക്കാന്‍ പള്ളി അഭിവാജ്യഘടകമല്ലെന്ന വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മസ്ജിദുകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായില്‍ ഫറൂഖി കേസിന്റെ വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്ന് സുപ്രീം കോടതിയ. ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ഏഴംഗ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും 1994ലെ വിധി സുപ്രീം കോടതി പുനഃപരിശോധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്.

ജസ്റ്റിസ് ദീപക് മിശ്രയും അശോക് ഭൂഷണും ചേര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. മൂന്നംഗ ബെഞ്ചിൽ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും ജസ്റ്റിസ് അശോക് ഭൂഷണും വേണ്ടി ഒറ്റവിധി പ്രസ്താവവും ജസ്റ്റിസ് എസ്. അബ്ദുൽ നസീർ പ്രത്യേക വിധിയുമാണ് പുറപ്പെടുവിച്ചത്. വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നാണ് ജസ്റ്റിസ് അബ്ദുൽ നസീർ അദ്ദേഹത്തിന്റെ വിധിയില്‍ പറയുന്നത്.

കേസില്‍ ഫറൂഖി കേസിന്റെ വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അയോധ്യയിലെ തര്‍ക്കഭൂമി പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് 1993ല്‍ ഇസ്മായില്‍ ഫറൂഖി കോടതിയെ സമീപിച്ചത്.

കേസില്‍ മുസ്ലീങ്ങള്‍ക്ക് ആരാധനക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്‌കാരമാവമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷബെഞ്ച് നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും അത് അയോധ്യക്കേസിനെ ബാധിക്കുമെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ് കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ആവശ്യപ്പെട്ട് ഇസ്ലാമിക സംഘടനകള്‍ കോടതിയിലെ സമീപിച്ചത്. അയോധ്യഭൂമി കേസ് ഇനി സുപ്രീം കോടതി ബെഞ്ച് തന്നെ പരിഗണിക്കും. ഏതൊരു ഭൂമി തര്‍ക്കത്തെയും പോലെ കേസ് പരിഗണിക്കുമെന്നാണ് ഇന്ന് ഇക്കാര്യത്തില്‍ പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് മുന്‍പുളള പ്രധാനപ്പെട്ട വിധികളില്‍ അവസാനത്തേതാണിത്. ഇനി കേസ് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കീഴിലാവും എത്തുക.

chandrika: